ഷാവോമി ഫോണുകൾക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ യൂസർ ഇന്റർഫേയ്സ് പതിപ്പ് എംഐയുഐ 13 (MIUI 13) ഇന്ന് പുറത്തിറങ്ങും. ഷാവോമി 12 പരമ്പര ഫോണുകളിലാണ് പുതിയ യുഐ അവതരിപ്പിക്കുക. ഇതുവഴി ഫോണുകളുടെ പ്രവർത്തന ക്ഷമത മെച്ചപ്പെടുമെന്നാണ് കമ്പനി പറയുന്നത്.
എംഐയുഐ 13 നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്താണ് ഷാവോമി 12, ഷാവോമി 12 പ്രോ ഫോണുകൾ വിൽപനയ്ക്കെത്തുക. അതേസമയം എംഐ മിക്സ് 4, എംഐ 11 അൾട്ര, എംഐ 11 പ്രോ, റെഡ്മി കെ40 ഉൾപ്പടെയുള്ള ഫോണുകളിൽ എംഐയുഐ അപ്ഡേറ്റ് ലഭിക്കും.
ഇന്ത്യൻ സമയം വൈകീട്ട് അഞ്ച് മണിക്കാണ് എംഐയുഐ 13 ഷാവോമി പുറത്തിറക്കുക. ചൈനീസ് സോഷ്യൽമീഡിയാ വെബ്സൈറ്റായ വെയ്ബോയിലൂടെയാണ് യുഐ പുറത്തിറക്കുന്ന വിവരം കമ്പനി പ്രഖ്യാപിച്ചത്.
സിസ്റ്റം ആപ്പുകളുടെ പ്രവർത്തനം മുൻ പതിപ്പായ എംഐയുഐ 12.5 (MIUI 12.5) നേക്കാൾ 20 മുതൽ 26 ശതമാനം വരെ സുഗമമാവുമെന്നും തേഡ് പാർട്ടി ആപ്പുകളുടെ പ്രവർത്തനം 15-52 ശതമാനം വരെ സുഗമമാവുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്വകാര്യത, സുരക്ഷ എന്നീ മേഖലകളിലും പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. സൈബർ ടെലികോം തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്ന പ്രത്യേക ഫീച്ചർ ഇതിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫോക്കസ് കംപ്യൂട്ടിങ് 2.0, ലിക്വിഡ് സ്റ്റോറേജ്, അറ്റോമിക് മെമ്മറി, എന്നീ സൗകര്യങ്ങൾ എംഐയുഐ 13 ന്റെ സവിശേഷതകളാണ്. 3000 ആപ്പുകളിൽ ഫുൾ സ്ക്രീൻ അനുഭവവും പുതിയ വേർഷൻ നൽകും.
തീമുകൾ, വാൾപേപ്പറുകൾ, ഐക്കണുകൾ തുടങ്ങി ഇന്റർഫേയ്സ് തലത്തിലുള്ള പുതുമകളും എംഐയുഐ 13 ൽ അവതരിപ്പിക്കപ്പെടും. നിലവിലുള്ള ചില പ്രശ്നങ്ങളും പുതിയ പതിപ്പിൽ പരിഹരിച്ചിട്ടുണ്ട്.
ടാബ് ലെറ്റുകൾക്ക് വേണ്ടി എംഐയുഐ 13 പാഡ് രൂപത്തിലും പുതിയ യുഐ എത്തും.
എംഐ മിക്സ് 4, എംഐ 11 അൾട്ര, എംഐ 11 പ്രോ, എംഐ 11, ഷാവോമി 11 ലൈറ്റ് 5ജി, എംഐ 10എസ്, റെഡ്മി കെ40 പ്രോ പ്ലസ്, റെഡ്മി കെ40 പ്രോ, റെഡ്മി കെ40 ഗെയിമിങ് എഡിഷൻ, റെഡ്മി കെ40, റെഡ്മി നോട്ട് 10 പ്രോ 5ജി ഉൾപ്പടെയുള്ള ഫോണുകളിൽ പുതിയ യൂസർ ഇന്റർഫെയ്സ് എത്തും. ഇക്കൂട്ടത്തിൽ ചിലത് ഇന്ത്യയിൽ അവതരിപ്പിച്ചവയാണ്. മറ്റു ഫോണുകളിലേക്കും താമസിയാതെ എംഐയുഐ 13 എത്തും.