എല്ലാവരും ഇന്ന് ഓൺലൈൻ ആണ്, ലൈവ് ആണ്. അതുകൊണ്ടുതന്നെ പല അവസരങ്ങളിലും ആളുകൾക്ക് സ്വന്തം സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതായിവരുന്നു. വാട്സാപ്പ് ഉപയോഗിക്കുന്നവർ പലപ്പോഴും ഈ സ്വകാര്യതാ പ്രശ്നങ്ങൾ അനുഭവിക്കാറുണ്ട്. കാരണം വാട്സാപ്പ് കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്കെല്ലാം തന്നെ വാട്സാപ്പിൽ നാം പങ്കുവെക്കുന്ന ചിത്രങ്ങളും സ്റ്റാറ്റസുകളും കാണാൻ സാധിക്കും.
വാട്സാപ്പ് കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെല്ലാം ഒരു പക്ഷെ നമ്മുടെ സൗഹൃദവലയത്തിലുള്ളവരോ ബന്ധത്തിലുള്ളവരോ ആയിരിക്കണം എന്നില്ല. തൊഴിലുമായി ബന്ധപ്പെട്ടോ അതോ താൽകാലികമായ മറ്റെന്തെങ്കിലും ആവശ്യത്തിനോ സൂക്ഷിച്ചുവെച്ച ഫോൺ നമ്പറുകളാവാം അവ. എന്നാൽ ആ വ്യക്തികൾ നമ്മുടെ നമ്പർ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ പ്രൊഫൈൽ ചിത്രവും സ്റ്റാറ്റസ് അപ്ഡേറ്റുകളും അവർക്ക് കാണാൻ സാധിക്കും.
പ്രൊഫൈൽ ചിത്രങ്ങളുടെയും സ്റ്റാറ്റസിന്റേയുമെല്ലാം സ്വകാര്യതയ്‍ക്ക് വേണ്ടി ചില ഫിൽറ്ററുകൾ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പ്രൊഫൈൽ ചിത്രങ്ങൾക്ക് വേണ്ടി, എവരിവൺ, മൈ കോൺടാക്റ്റ്സ്, നോബഡി എന്നീ ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്.
എവരിവൺ എന്നത് തിരഞ്ഞെടുത്താൽ പ്രൊഫൈൽ ചിത്രങ്ങൾ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും.
മൈ കോൺടാക്റ്റ് എന്നത് തിരഞ്ഞെടുത്താൽ ഫോണിൽ ശേഖരിച്ചിട്ടുള്ള കോൺടാക്റ്റുകൾക്ക് മാത്രമേ പ്രൊഫൈൽ ചിത്രങ്ങൾ കാണുകയുള്ളൂ.
നോബഡി തിരഞ്ഞെടുത്താൽ ആർക്കും പ്രൊഫൈൽ ചിത്രം കാണാനാകില്ല.
പ്രൊഫൈൽ ചിത്രങ്ങളേക്കാൾ സ്വകാര്യത സ്റ്റാറ്റസുകൾക്ക് കൽപിക്കുന്നതുകൊണ്ടാവാം. കൂടുതൽ സ്വകാര്യതയുള്ള ഓപ്ഷനുകൾ ഇതിന് നൽകിയിട്ടുള്ളത്. സ്റ്റാറ്റസിന് വേണ്ടി മൈ കോൺടാക്റ്റ്സ്, കോൺടാക്റ്റ് എക്സെപ്റ്റ്, ഓൺലി ഷെയർ വിത്ത് എന്നീ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. ഇതിൽ മൈ കോൺടാക്റ്റ്സ് തിരഞ്ഞെടുത്താൽ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് മാത്രമേ നിങ്ങൾ അപ്ഡേറ്റ് ചെയ്‌യുന്ന സ്റ്റാറ്റസ് കാണാനാവൂ. കോൺടാക്റ്റ് എക്സെപ്റ്റ് തിരഞ്ഞെടുത്താൽ നിങ്ങൾക്ക് കോൺടാക്റ്റ് ലിസ്റ്റിലുള്ള ചിലരെ സ്റ്റാറ്റസ് കാണുന്നതിൽ നിന്ന് വിലക്കാം.
എങ്ങനെ ഈ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം?
വാട്സാപ്പ് തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറന്ന് Account – Privacy – തിരഞ്ഞെടുക്കുക. ഇതിൽ Profile photo തുറന്ന് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം. സ്റ്റാറ്റസ്, ലാസ്റ്റ് സീൻ, എബൗട്ട് എന്നിവയുടേയും സ്വകാര്യത നിശ്ചയിക്കാൻ ഈ ഓപ്ഷനിൽ സാധിക്കും.
Content Highlights: how to hide whatsapp profile photo and status privacy