യൂട്യൂബിലും മറ്റും നല്ല പാചക വീഡിയോകൾ കണുമ്പോൾ സ്ക്രീനിൽ കാണുന്ന ആഹാരങ്ങളുടെ രുചിയറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ ? എന്നാൽ ചിലപ്പോൾ അതിനും സാധിച്ചേക്കും. സ്ക്രീനിൽ കാണുന്ന ആഹാര സാധനങ്ങളുടെ രുചി സ്ക്രീനിൽ നക്കി രുചിച്ചറിയാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജപ്പാൻകാരനായ ഒരു പ്രൊഫസർ.
ടേസ്റ്റ് ദി ടിവി (ടിടിടിവി) എന്നാണ് ഈ ഉപകരണത്തിന് പേര്. 10 ചെറുപെട്ടികളിൽ സൂക്ഷിച്ച വ്യത്യസ്ത രുചിയുള്ള ദ്രാവകങ്ങൾ ചേർത്താണ് ആഹാരങ്ങളുടെ രുചി നിർമിച്ചെടുക്കുന്നത്. വ്യത്യസ്ത മഷി നിറച്ച ഒരു പ്രിന്റർ ഒരു കളർ ചിത്രം പ്രിന്റ് ചെയ്തെടുക്കുന്ന പോലെ. സ്ക്രീനിൽ തെളിയുന്ന ആഹാര പദാർത്ഥത്തിന്റെ രുചി ഒരു വൃത്തിയുള്ള ഫിലിമിലേക്ക് സ്പ്രേ ചെയ്‌യുകയും ആ ഫിലിം സ്ക്രീനിന് മുകളിലേക്ക് നീങ്ങി വരികയും ചെയ്‌യും. ഇത് കാഴ്ചക്കാരന് രുചിച്ച് നോക്കാം.
📺 ‘Taste the TV’: A Japanese professor has developed a prototype lickable TV screen that can imitate food flavors
&mdash Reuters (@Reuters)
കോവിഡ് യുഗത്തിൽ ഈ തരത്തിലുള്ള ഒരു സാങ്കേതിക വിദ്യ ആളുകളെ പുറം ലോകവുമായി കൂടുതൽ ബന്ധിപ്പിക്കുമെന്നും സംവദിക്കാൻ സഹായിക്കുമെന്നും മെയ്ജി സർവകലാശാലയിലെ പ്രൊഫസർ ഹോമേയ് മിയാഷിത പറഞ്ഞു. 30 -ഓളം വിദ്യാർത്ഥികൾക്കൊപ്പം പ്രവർത്തിക്കുന്ന മിയാഷിത ഇതിനകം രുചികളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്ന ഫോർക്ക് അതിലൊന്നാണ്.
ടേസ്റ്റ് ദി ടിവി (ടിടിടിവി) യുടെ ആദ്യമാതൃകയാണ് (പ്രോട്ടോടൈപ്പ്) ഇപ്പോൾ തയ്‌യാറാക്കിയിരിക്കുന്നത്. ഒരുവർഷമെടുത്താണ് ഇത് നിർമിച്ചത് എന്നും ഇതിന്റെ അന്തിമ രൂപം നിർമിക്കുന്നതിന് ഏകദേശം 100,000 യെൻ (65,358 രൂപ) ചിലവ് വരുമെന്നാണ് മിയാഷിത പറയുന്നത്.
ഭക്ഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുമെന്നാണ് കരുതുന്ന്. പിസ്സയുടെയും ചോക്കലേറ്റുകളുടേയും മിഠായികളുടേയുമെല്ലാം ഓൺലൈൻ വിൽപനയിൽ ഇത് പരീക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് ചില കമ്പനികളുമായി മിയാഷിത ചർച്ചയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌യുന്നു.
Content Highlights: Japanese professor creates flavorful screen