സംഭവം യാദൃശ്ചികമാണെങ്കിലും എന്തുകൊണ്ട് സംഘർഷം നടക്കാൻ ഇടയായെന്ന് പരിശോധിക്കണമെന്ന് സാബു ആവശ്യപ്പെട്ടു. സംഭവത്തിൽ 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് പറയുന്നത്. മുഴുവൻ പേരും പ്രതികളാമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇതിൽ 152 പേരെ മാത്രമേ ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർ എവിടെനിന്നാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രമാണ് കൊണ്ടുപോയതെന്നും സാബു ആരോപിച്ചു.
അറസ്റ്റിലായവരിൽ 13 പേർ മാത്രമാണ് കുറ്റക്കാർ. കിറ്റക്സിനേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 40 പേരിൽ കുറഞ്ഞ ആളുകൾ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂ. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ സംസ്ഥാനങ്ങൾ വെറുതേ ഇരിക്കുമെന്ന് കരുതേണ്ട. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്ക് കിറ്റക്സ് നിയമ സഹായം നൽകുമെന്ന് സാബു പറഞ്ഞു.
10,11,12 എന്നീ മൂന്ന് ക്വാർട്ടേഴ്സിലെ ആളുകളാണ് പ്രതികളെന്ന് പോലീസ് എങ്ങനെ മനസിലാക്കി? പോലീസിന്റെ നടപടിയിൽ ദുരൂഹതയുണ്ട്. കുറ്റവാളികളാണെന്ന് കിറ്റക്സ് കണ്ടെത്തിയ 23 പേർക്ക് നിയമ സഹായം നൽകില്ല. പരിക്കേറ്റ പോലീസുകാർക്ക് വേണ്ട ചികിത്സ നൽകാൻ തയ്യാറാണ്. ഇപ്പോൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പേരെക്കൂടി പോലീസിന് കൈമാറും. അറസ്റ്റിലായവർ ഉപയോഗിച്ച ലഹരിമരുന്ന് എന്താണെന്ന് കണ്ടെത്താൻ അപ്പോൾതന്നെ പരിശോധന നടത്തിയിരുന്നു. അതിൽ പോലീസ് വീഴ്ച വരുത്തിയെന്നും സാബു ആരോപിച്ചു.
അതേസമയം ബെന്നി ബഹനാനെതിരെ സാബു ജേക്കബ് തുറന്നടിച്ചു. അയാൾ പറഞ്ഞ നിയമം അനുസരിച്ച് ധൈര്യം ഉണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കട്ടേയെന്ന് സാബു വെല്ലുവിളിച്ചു. സംസ്ഥാനത്തെ 140 എംഎൽഎമാരും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ട്വന്റി ട്വന്റി നിർത്തിയാൽ ശ്രീനിജന്റേയും മറ്റ് എംഎൽഎമാരുടേയും സർക്കാരിന്റേയും പ്രശ്നം അവസാനിക്കുമെന്നും സാബു പറഞ്ഞു.