മോസ്കോ: റഷ്യ നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്‌യുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഗൂഗിളിനും ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്‍ക്കും പിഴയിട്ട് മോസ്കോ കോടതി. 9.8 കോടി ഡോളറാണ് (736 കോടി രൂപ) ഗൂഗിളിന് പിഴയിട്ടിരിക്കുന്നത്.
വൻകിട ടെക്ക് കമ്പനികൾക്ക് മേൽ റഷ്യ സമ്മർദ്ദം കർശനമാക്കിയിരിക്കുകയാണ്. ഇന്റർനെറ്റിന് മേൽ നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റഷ്യയുടെ ശ്രമം വ്യക്തിസ്വാതന്ത്ര്യത്തിനും കോർപറേറ്റ് സ്വാതന്ത്ര്യത്തിനും എതിരാണെന്നുമുള്ള വിമർശനങ്ങൾ ഈ നീക്കത്തിനെതിരെയുണ്ട്.
കോടതിവിധി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമെ തുടർന്നുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് ഗൂഗിൾ, റോയിട്ടേഴ്സിനോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്ഫോമിനും സമാനമായ കാരണങ്ങൾ കാണിച്ച് റഷ്യ പിഴയിട്ടിരുന്നു. 2.7 കോടി ഡോളറാണ് (203 കോടി രൂപ) പിഴയിട്ടത്. റഷ്യൻ നിയമങ്ങൾ ലംഘിക്കുന്ന 2,000 ഉള്ളടക്കങ്ങൾ നീക്കം ചെയ്‌യുന്നതിൽ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗൂഗിളിൽ 2,600 നിരോധിത ഉള്ളടക്കങ്ങളാണുള്ളത്.
നിരവധി വിദേശ സാങ്കേതികവിദ്യാ കമ്പനികൾക്ക് മേൽ 2021-ൽ റഷ്യ ചെറിയ പിഴകൾ ചുമത്തിയിരുന്നു. എന്നാൽ ഇത് ആദ്യമായാണ് കമ്പനികളുടെ റഷ്യയിൽനിന്നുള്ള വരുമാനത്തിന്റെ ശതമാനം കണക്കാക്കിയുള്ള പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ എത്രശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത് എന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
മയക്കുമരുന്ന് ഉപയോഗം, അപകരമായ വിനോദങ്ങൾ, വീട്ടിലുണ്ടാക്കിയ ആയുധങ്ങളെയും സ്‌ഫോടക വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ, തീവ്രവാദികളോ തീവ്രവാദികളോ ആയി പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകൾ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകൾ എന്നിവ ഇല്ലാതാക്കാൻ റഷ്യ കമ്പനികളോട് ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: Russian court fines Alphabets Google and Meta Platforms