ലാസ് വെഗാസ്: ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്‍ട്രോണിക് ഷോയിൽ (സിഇഎസ് 2022) മൈക്രോസോഫ്റ്റ് നേരിട്ട് പങ്കെടുക്കില്ല. കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓൺലൈനായാണ് കമ്പനി സിഇഎസിൽ പങ്കെടുക്കുക.
യുഎസ് വാഹനനിർമാണ കമ്പനിയായ ജനറൽ മോട്ടോർസ്, ആൽഫബെറ്റിന്റെ ഗൂഗിൾ, ഗൂഗിളിന്റെ സെൽഫ് ഡ്രൈവിങ് വാഹന നിർമാണ സ്ഥാപനമായ വെയ്മോ, ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോംസ്, ട്വിറ്റർ, ലെനോവോ ഗ്രൂപ്പ്, എടി & ടി, ആമസോൺ.കോം തുടങ്ങിയ കമ്പനികളും സിഇഎസിൽ നേരിട്ട് പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ആളുകളെ നേരിട്ട് പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി വാക്സിനേഷൻ, മാസ്ക് വിതരണം, കോവിഡ് ടെസ്റ്റുകൾ ഉൾപ്പടെയുള്ളവ ലഭ്യമാക്കും.
എല്ലാ വർഷവും ജനവരി ആദ്യവാരം യു.എസി.ലെ ലാസ് വെഗാസിൽ അരങ്ങേറുന്ന കൺസ്യൂമർ ഇലക്‍ട്രോണിക്സ് ഷോ (സിഇഎസ്) എന്ന അന്താരാഷ്ട്ര പ്രദർശനം പുതിയ ഗാഡ്ജറ്റുകളും ടെക്നോളജികളും അവതരിപ്പിക്കപ്പെടുന്ന പ്രധാന വേദിയാണ്. ഇത്തവണ ജനുവരി അഞ്ച് മുതൽ എട്ട് വരെയാണ് സിഇഎസ് 2022 നടക്കുക.
Content Highlights: Microsoft canceling in-person presence at CES, Amazon, Google, Meta