തിരുവനന്തപുരം: ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യവിൽപ്പന. 65 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ലെറ്റുകൾ വഴി ഡിസംബർ 24ന് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. വെയർഹൗസിൽ നിന്ന് ആകെ വിറ്റത് 90 കോടിയുടെ മദ്യമാണ്. കൺസ്യൂമർഫെഡും ബാറുകളും ഇവിടെ നിന്ന് മദ്യം എടുക്കുന്നത്.
ഏറ്റവും അധികം മദ്യവിൽപന നടന്നത് തിരുവനന്തപുരത്താണ്. തലസ്ഥാന നഗരത്തിലെ പവർഹൗസ് റോഡ് ഔട്ലെറ്റ് വഴി വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനത്തുള്ള ചാലക്കുടി ഔട്ലെറ്റ് വഴി വിറ്റഴിച്ചത് 70.72 ലക്ഷം രൂപയുടെ മദ്യം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ലെറ്റിനാണ്. 63.60 ലക്ഷം രൂപയുടെ വിൽപന നടന്നു.
റെക്കോഡ് വിൽപ്പനയുടെകണക്കുകളിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ക്രിസ്മസ് തലേന്ന് നടന്ന കച്ചവടത്തിന്റെ മാത്രമാണ്. ഈ ആഴ്ചയിലെ മൊത്തം കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.
Content Highlights: kerala marks record liquor sale on christmas