ഇ മെയിൽ വഴി കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ഡയവോൾ എന്ന വൈറസിനെതിരേ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് ഈ റാൻസംവെയറിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കംപ്യൂട്ടറിനെ നിയന്ത്രണത്തിലാക്കി പണം ആവശ്യപ്പെടുകയാണ് ഡയവോൾ ചെയ്‌യുക.
റാൻസംവെയർ
കംപ്യൂട്ടറിനെ മുഴുവനായും ലോക്ക് ചെയ്‌യാൻ ശേഷിയുള്ള മാൽവെയറാണിത്. ഫയലുകളൊന്നും തുറക്കാൻ കഴിയാതെ കംപ്യൂട്ടർ ലോക്ക് ആയിപ്പോവും. തുടർന്ന് നിയന്ത്രണം തിരികെ കിട്ടണമെങ്കിൽ പണം ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ ഫയലുകൾ ഡെലിറ്റ് ചെയ്‌യുമെന്നായിരിക്കും ഭീഷണി. പണം നൽകിയാലും ഇല്ലെങ്കിലും ഫയലുകൾ തിരികെ കിട്ടുമെന്ന് യാതൊരു ഉറപ്പുമുണ്ടാകില്ല എന്നതാണ് സത്യം.
സിഇആർടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഡയവോൾ റാൻസംവെയറിനെ കുറിച്ചാണ്. ഇമെയിൽ വഴിയാണ് ഇത് പ്രചരിക്കുന്നത്. വൺ ഡ്രൈവിലേക്കുള്ള ഒരു ലിങ്ക് ഈ ഇമെയിലിലുണ്ടാവും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കംപ്യൂട്ടറിൽ ഒരു കംപ്രസ്ഡ് സിപ്പ് ഫയലും, ഐഎസ്ഒ ഫയൽ, എൽഎൻകെ (LNK) ഫയൽ, ഡിഎൽഎൽ (DLL) എന്നിവ ഡൗൺലോഡ് ചെയ്‌യപ്പെടും. ഇതിലെ എൽഎൻകെ ഫയൽ തുറന്നാൽ മാൽവെയർ കംപ്യൂട്ടറിൽ സജീവമാകും.
ഡയവോൾ റാൻസം വെയർ കംപ്യൂട്ടറിനെ ബാധിച്ചാൽ എന്ത് സംഭവിക്കും?
ഡയവോൾ മാൽവെയർ കംപ്യൂട്ടറിനെ ബാധിച്ചാൽ അത് തന്റെ ജോലി ആരംഭിക്കും. ആദ്യം തന്നെ ആ കംപ്യൂട്ടറിനെ ദൂരെയുള്ള സെർവറിൽ രജിസ്റ്റർ ചെയ്‌യിപ്പിക്കും, എല്ലാ പ്രവർത്തനവും നിർത്തിവെക്കും, ലോക്കൽ ഡ്രൈവകളും ഫയലുകളും കണ്ടെത്തി എൻക്രിപ്റ്റ് ചെയ്‌യും. ഫയലുകൾ റിക്കവർ ചെയ്‌യാതിരിക്കാൻ ഷാഡോ കോപ്പികളും നീക്കം ചെയ്‌യും. ശേഷം ഫയലുകൾ ലോക്ക് ചെയ്‌യുകയും ഡെസ്ക് ടോപ്പ് വാൾപേപ്പർ മാറ്റി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്‌യും.
ഡയവോൾ റാൻസംവെയറിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാം
ഉടൻതന്നെ നിങ്ങളുടെ കംപ്യൂട്ടർ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്‌യുക. എല്ലാ ഇമെയിലുകളും പരിശോധിക്കുക. വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അഡ്മിനിസ്ട്രേറ്റീവ് നെറ്റ് വർക്ക് ഫിസിക്കൽ കൺട്രോളുകൾ ഉപയോഗിച്ചും വിർച്വൽ ലോക്കൽ ഏരിയ നെറ്റവർക്കുകളിലൂടെയും വേർതിരിക്കുക.
യൂസർമാർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്‌യുന്നത് ബ്ലോക്ക് ചെയ്‌യുക. അപകടകരമായ ഐപി ഐഡ്രസുകൡലേക്ക് പ്രവേശിക്കുന്നത് തടയാൻ ഫയർവാളുകൾ ആക്റ്റിവേറ്റ് ചെയ്‌യുക.
അപരിചിതമായ ഇമെയിലുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്‌യാതിരിക്കുക, ഫയലുകൾ ഡൗൺലോഡ് ചെയ്‌യാതിരിക്കുക.
Content Highlights: New Diavol Virus Spreading Through Email To Steal Your Money government warns