ന്യൂഡൽഹി > സമാജ്വാദി പാർടിയുടെ പേരിൽ ‘സമാജ്വാദി അത്തർ’ പുറത്തിറക്കിയ പെർഫ്യൂം വ്യാപാരി പീയുഷ് ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന. മൂന്ന് സംസ്ഥാനങ്ങളിലെ ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഒരേ സമയം നടത്തിയ പരിശോധനയിൽ 150 കോടിയിലധികം രൂപ കണ്ടെടുത്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പെർഫ്യൂം വ്യാപാരിയായ പീയുഷ് ജെയിന്റെ ഗുജറാത്തിലേയും മുംബൈയിലേയും ഉത്തർപ്രദേശിലേയും വീട്ടിലും ഓഫീസിലും പെട്രോൾ പമ്പ്, കോൾഡ് സ്റ്റോറേജ് അടക്കമുള്ള സ്ഥാപനങ്ങളിലും വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്.
വീട്ടിൽ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പെതിഞ്ഞ നിലയിലായിരുന്നു പണം. 90 കോടിയോളം രൂപ വീട്ടിൽ നിന്നാണ് കണ്ടെടുത്തതെന്നാണ് സൂചന. പിടിച്ചെടുത്ത പണം ഇതുവരെ എണ്ണിത്തീർക്കാനായിട്ടില്ല. ഉദ്യോഗസ്ഥർ നോട്ടുകൾ എണ്ണുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ വീട്ടിലും ഗുജറാത്തിലേയും മുംബൈയിലേയും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് പരിശോധന ആരംഭിച്ചത്. പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും പരിശോധനയിൽ പങ്കാളികളാകുകയായിരുന്നു.