ന്യൂഡൽഹി: രാജ്യത്തുടനീളം പ്രവർത്തിക്കുന്ന മുൻനിര ചൈനീസ് മൊബൈൽ കമ്പനികളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. ഓപ്പോ, ഷാവോമി, വൺ പ്ലസ് ഉൾപ്പടെയുള്ള കമ്പനികളിലാണ് തിരച്ചിൽ നടത്തുന്നത്.
ചൊവ്വാഴ്ച മുതൽ രണ്ട് ഡസനിലേറെ ഓഫീസുകളിൽ റെയ്‌ഡ് നടത്തി. ഡൽഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റർ നോയിഡ, കൊൽക്കത്ത, ഗുവാഹത്തി, ഇൻഡോർ ഉൾപ്പടെയുള്ള ഓഫീസുകളിലാണ് റെയ്‌ഡ് നടക്കുന്നത്. നികുതി വെട്ടിപ്പിന് തെളിവാകുന്ന ചില ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ചില ഫിനാഷ്യൽ ടെക്നോളജി സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരേയും പരിശോധിക്കുന്നുണ്ട്. ഇവരും അന്വേഷണ വിധേയരാവും.
ചൈനീസ് മൊബൈൽ കമ്പനികളിൽ വലിയ രീതിയിൽ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിവരം ലഭിച്ചതുമുതൽ ഏറെനാളുകളായി കമ്പനികൾ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
ഓഗസ്റ്റിൽ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലികോം സ്ഥാപനം സെഡ് ടിഇയിലും (ZTE) ആദായനികുതി വകുപ്പ് തിരച്ചിൽ നടത്തിയരുന്നു. സെഡ് ടിഇയുടെ കോർപ്പറേറ്റ് ഓഫീസ് ഉൾപ്പടെയുള്ള അഞ്ച് കെട്ടിടങ്ങളിലാണ് പരിശോധന നടന്നത്.
അതേസമയം, അന്വേഷണത്തോട് സഹകരിക്കുകയാണെന്ന് ഓപ്പോ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും നടപടിക്രമങ്ങൾക്കനുസരിച്ച് അധികൃതരോട് സഹകരിക്കുമെന്നും ഓപ്പോ പറഞ്ഞു.
Content Highlights: Tax Raids On Chinese Phone companies premises across India