ഫ്ലിപ്കാർട്ടിലും ആമസോണിലുമെല്ലാം ഐഫോൺ വാങ്ങിയിട്ട് സോപ്പും ഇഷ്ടിക കഷ്ണവുമെല്ലാം കിട്ടിയസംഭവങ്ങൾ നിരവധി നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ മാത്രമാണ് നടക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. അങ്ങനെ ഒരു സംഭവം ബ്രസീലിലും ഉണ്ടായി. അവിടുത്തെ ഒരു നടൻ ആപ്പിൾ വാച്ച് 6 ഓർഡർ ചെയ്തപ്പോൾ കിട്ടിയത് വെറും കല്ലാണ്.
ബ്രസീലിയൻ നടനായ മുറിലോ ബെനിസിയോയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. കാരിഫോർ (Carrifour) വെബ്സൈറ്റിൽ നിന്നാണ് 44 എംഎം ആപ്പിൾ വാച്ച് സീരീസ് 63 അദ്ദേഹം വാങ്ങിയത്.
എന്നാൽ തനിക്ക് ലഭിച്ച പെട്ടി തുറന്നുനോക്കിയ അദ്ദേഹം വാച്ചിന് പകരം കല്ല് കണ്ട് ഞെട്ടി. സഹായത്തിനായി കാരിഫോർ അധികൃതരെ വിളിച്ചെങ്കിലും സഹായിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് നടൻ കമ്പനിയ്ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. വാച്ചിന് ചിലവാക്കിയെ പണം തിരികെ നൽകണം എന്നാണ് ബെനിസിയോയുടെ ആവശ്യം.
എന്തായാലും സംഭവത്തിൽ ഇരു കക്ഷികളും തമ്മിൽ ധാരണയിലായെന്നാണ് പിന്നീട് 9ടു5മാക് റിപ്പോർട്ട് ചെയ്യുന്നത്. 1500 ഡോളർ തിരികെ നൽകാൻ കമ്പനി സമ്മതിച്ചതായാണ് വിവരം.
കഴിഞ്ഞ വർഷമാണ് ആപ്പിൾ വാച്ച് 6 പുറത്തിറക്കിയത്. ആപ്പിൾ വാച്ച് 7 പുറത്തിറക്കിയതിന് ശേഷം ഇത് വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ആപ്പിൾ വാച്ച് സീരീസ് 7, ആപ്പിൾ വാച്ച് എസ്ഇ, ആപ്പിൾവാച്ച് സീരീസ് 3 എന്നിവയാണ് ഇപ്പോൾ വിൽപനയിലുള്ളത്.
Content Highlights: Brazilian actor orders Apple Watch 6 online, gets stone instead