പോയ വർഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി മെറ്റയെ (പഴയ ഫെയ്സ്ബുക്ക്) തിരഞ്ഞെടുത്ത് സർവേ. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാൻസ് വർഷം തോറും നടത്തുന്ന സർവേയിലാണ് മെറ്റയെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുത്തത്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ അലിബാബയാണ് രണ്ടാമത്. അലിബാബയേക്കാൾ 50 ശതമാനം കൂടുതൽ വോട്ടുകൾ നേടിയാണ് മോശം കമ്പനികളുടെ പട്ടികയിൽ മെറ്റ മുന്നിലെത്തിയത്. മറുവശത്ത് ഏറ്റവും മികച്ച കമ്പനിയായി മൈക്രോസോഫ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.
യാഹൂ ഫിനാൻസ് സർവേ മങ്കി (Survey Monkey) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഡിസംബർ 4 മുതൽ ഡിസംബർ 5 വരെ നടത്തിയ സർവേയിൽ 1,541 പേരാണ് വോട്ട് രേഖപ്പെടുത്തി പ്രതികരണങ്ങൾ അറിയിച്ചത്.
പലവിധ കാരണങ്ങൾക്കൊണ്ടാണ് മെറ്റായെ ആളുകൾ മോശം കമ്പനിയായി തിരഞ്ഞെടുത്തത്. സെൻസർഷിപ്പുമായി ബന്ധപ്പെട്ട കമ്പനിയ്‍ക്കുള്ള ധാരണ, പ്ലാറ്റ്ഫോമിലെ വലതുപക്ഷ യാഥാസ്ഥിതിക ശബ്ദങ്ങൾ എന്നിവയും കമ്പനിയുടെ പ്ലാറ്റ്ഫോമുകളിൽ ഇഷ്ടമുള്ള എന്തും പറയാൻ കഴിയണമെന്നും അഭിപ്രായ സ്വാതന്ത്ര്യ പോലീസിങ് ശരിയല്ലെന്നും ആളുകൾ പറയുന്നു.
തീവ്ര വലതുപക്ഷ കാഴ്ചപ്പാടുകൾ ഉയരുന്നതിന് ഫെയ്സ്ബുക്ക് അഥവാ മെറ്റ കാരണമായെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തിയതിന് കാരണം മെറ്റ ആണെന്ന് ഒരാൾ കുറ്റപ്പെടുത്തി. കുട്ടികളുടെ മാനസികാരോഗ്യത്തിൻമേൽ ഇൻസ്റ്റാഗ്രാം ഉണ്ടാക്കുന്ന സ്വാധീനം ആശങ്കകൾ ഉയർത്തിയെന്നും വിലയിരുത്തപ്പെടുന്നു.
ഫെയ്സ്ബുക്കിന്റെ പേര് മാറ്റം വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് ചിലർ പറഞ്ഞു. അതേസമം സോഷ്യൽ മീഡിയ എന്നതിനുപരിയായി ഒരു പുതിയ ദിശയിലേക്ക് ചിന്തിക്കുന്ന ഒരു കമ്പനിയായി ഫെയ്സ്ബുക്ക് മാറുന്നതിന്റെ തുടക്കം എന്ന് ചിലർ പേരുമാറ്റത്തെ വിലയിരുത്തിയവരുമുണ്ട്.
സർവേയിൽ പങ്കെടുത്തവരിൽ പത്തിൽ മൂന്ന് പേർ മാത്രമാണ് ഫെയ്സ്ബുക്കിന് അതിന്റെ തെറ്റുകൾ സ്വയം തിരുത്താൻ കഴിയുമെന്ന് എന്നതായി തോന്നുന്നത്.
മറുവശത്ത്, രണ്ട് ലക്ഷം കോടി ഡോളർ വിപണി മൂല്യം എന്ന എന്ന നാഴികക്കല്ലിൽ എത്തിയതും ഓഹരി വിലയിൽ 53% കുതിച്ചുചാട്ടം ഉണ്ടാക്കിയതും കണക്കിലെടുത്താണ് മികച്ച കമ്പനി എന്ന പദവിയിലേക്ക് മൈക്രോസോഫ്റ്റ് എത്തിപ്പെട്ടത്.
Content Highlights : Facebook, now Meta, is the worst company & Microsoft is the Best Company of 2021 according to Yahoo Finance Survey 2021