പഴയ നോക്കിയ ഫോണുകൾ പുത്തൻ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ പുനരവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് നോക്കിയ. ഇക്കാരണം കൊണ്ടുതന്നെ ഫീച്ചർ ഫോൺ ശ്രേണിയിൽ ശക്തമായ സാന്നിധ്യം നിലനിർത്താൻ നോക്കിയയ്‍ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പഴയകാല നോക്കിയ ഫോണുകളിലൊന്നായ നോക്കിയ 2760 പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അതിനിടെ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ പ്ലാറ്റ്ഫോമിൽ നിന്നാണ് നോക്കിയ എൻ139ഡിഎൽ ഫ്ളിപ്പ് ഫോൺ ടിഎ 1398 എന്ന കോഡ് നാമത്തിൽ കണ്ടെത്തിയത്. ഈ ഫോണിന്റെ പേര് നോക്കിയ 2760 ഫ്ളിപ്പ് 4ജി എന്നായിരിക്കുമെന്നാണ് സൂചന. 4ജി ഫോൺ ആയതുകൊണ്ടുതന്നെ കായ് ഓഎസിലായിരിക്കും ഫോണിന്റെ പ്രവർത്തനം.
4.33 x 2.28 x 0.76 ഇഞ്ച് അളവുകൾ വരുന്ന ഫോണിന് 136.078 ഗ്രാം ഭാരമുണ്ടാകും. 140 x 320 പിക്സൽ റസലൂനിലുള്ള സ്ക്രീൻ ആയിരിക്കും ഇതിൽ. 1450 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 6.8 മണിക്കൂർ ടോക്ക് ടൈമും, 13.7 മണിക്കൂർ സ്റ്റാൻഡ് ബൈ ടൈമും ലഭിക്കും.
ഫോണിന് പിൻഭാഗത്തായി അഞ്ച് മൊഗാപിക്സലിന്റെ ക്യാമറയും 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൾടിമീഡിയ മെസേജിങ്, ഹാന്റ്സ്‌ഫ്രീ സ്പീക്കർ, കളർ ഡിസ്പ്ലേ, എംപി3 പ്ലെയർ എന്നിവയുണ്ടാവും.
ഫോണിന്റെ സ്റ്റോറേജ് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാൻ സാധിച്ചേക്കും.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കായ് ഓഎസിൽ പുറത്തിറങ്ങുന്ന നോക്കിയയുടെ ആറാമത്തെ ഫോൺ ആവും നോക്കിയ 2760 ഫ്ളിപ് 4ജി. നോക്കിയ 6300, നോക്കിയ 2720 ഫ്ളിപ്പ്, നോക്കിയ 800 ടഫ്, നോക്കിയ 8000, നോക്കിയ 8110 എന്നിവയാണ് മറ്റുള്ളവ.
Content Highlights: Nokia 2760 Flip 4G Specification Details Surface Before Launch