നമുക്കെല്ലാം ഒരോ വെർച്വൽ കഥാപാത്രങ്ങളായി പ്രവേശിക്കാനും ഇടപഴകാനും സാധിക്കുന്ന വിർച്വൽ ലോകമാണ് മെറ്റാവേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ആശയത്തിലൂന്നിയ സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്സ്ബുക്ക് മെറ്റ എന്ന പേര് സ്വീകരിച്ചത്.
മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിലേക്കുള്ള മെറ്റായുടെ ആദ്യ സംരംഭങ്ങളിലൊന്നാണ് ഹൊറൈസൺ വേൾഡ്. വി.ആർ. ഉപകരണങ്ങളുടെ സഹായത്തോടെ 20 പേർക്ക് ഒരേ സമയം ഹൊറൈസൺ വേൾഡിലേക്ക് പ്രവേശിക്കാം. അടുത്തിടെയാണ് ഹൊറൈസൺ വേൾഡ്സിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശനം അനുവദിച്ചത്.
എന്നാൽ, മെറ്റാവേഴ്സിന്റെ തുടക്കത്തിൽ തന്നെ, ഒരു പക്ഷെ ഇനിയുള്ള കാലത്ത് ഏറെ ആശങ്കപ്പെടേണ്ട ഒരു പ്രശ്നം നേരിട്ടിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഹൊറൈസൺ വേൾഡിനുള്ളിൽവെച്ച് തന്നെ ആരോ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. ഹൊറൈസൺ വേൾഡിന്റെ ബീറ്റാ ടെസ്റ്റിങ് ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് യുവതി താൻ നേരിട്ട പ്രശ്നം വെളിപ്പെടുത്തിയത്. ഡിസംബർ ഒന്നിന് ഫെയ്സ്ബുക്ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
സാധാരണ ഇന്റർനെറ്റിൽ ലൈംഗിക അതിക്രമം ഒരു തമാശയല്ല, എന്നാൽ, അതിലേക്ക് വെർച്വൽ റിയാലിറ്റി കൂടി വരുമ്പോൾ സംഭവം കൂടുതൽ തീവ്രമാകുന്നു. ഇന്നലെ രാത്രി എന്നെ ഒരാൾ സ്പർശിച്ചു. മാത്രവുമല്ല, ഈ പെരുമാറ്റത്തെ പിന്തുണച്ച മറ്റ് ആളുകളും അവിടെ ഉണ്ടായിരുന്നു. യുവതി പറഞ്ഞു.
സംഭവം നിർഭാഗ്യകരമായിപ്പോയി എന്നാണ് ഹൊറാസൺ വൈസ് പ്രസിഡന്റ് വിവേക് ശർമ ദി വെർജിനോട് പറഞ്ഞു. അതേസമയം, ബീറ്റാ യൂസറായ യുവതി ഹൊറൈസൺ വേൾഡ്സിലെ തങ്ങളുമായി സംവദിക്കുന്നവരെ ബ്ലോക്ക് ചെയ്‌യുന്നത് ഉൾപ്പടെയുള്ള സുരക്ഷാ ഫീച്ചറുകൾ പ്രയോജനപ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത് ആദ്യ സംഭവവുമല്ല. 2016-ൽ സമാനമായ അനുഭവം ഒരു ഗെയിമർക്ക് നേരിടേണ്ടി വന്നിരുന്നു. സോംബികളെ അമ്പെയ്ത് കൊല്ലുന്ന ക്വിവിർ (Quivir) എന്ന ഗെയിമിൽ ഒരാൾ വിർച്വൽ ആയി തന്റെ മാറിടങ്ങളിൽ സ്പർശിച്ചുവെന്നാണ് ജോർദൻ ബെലാമിർ എന്ന യുവതി അന്ന് വെളിപ്പെടുത്തിയത്.
എന്തായാലും സംഭവം വെർച്വൽ റിയാലിറ്റിയിൽ അധിഷ്ടിതമായ മെറ്റാവേഴ്സ് സാങ്കേതിക വിദ്യകളിൽ ഭാവിയിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളിലൊന്നിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. വെർച്വൽ റിയാലിറ്റി യഥാർത്ഥമായി മാറുമ്പോൾ അതിലെ വിഷമയമായ സ്വഭാവവും യഥാർത്ഥമാണെന്ന് വിദഗ്ദർ വിലയിരുത്തുന്നുണ്ട്.
Content Highlights: woman was sexually harassed on Meta’s VR social media platformssed on Meta’s VR social media platformxually harassed on Meta’s VR social media platform