റിയൽമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ഫോൺ റിയൽമി ജിടി 2 പ്രോ ഡിസംബർ 20-ന് പുറത്തിറങ്ങും. റിയൽമി ജിടി2 പ്രോയ്ക്കൊപ്പം റിയൽമി ജിടി 2-വും പുറത്തിറക്കും. ചൈനയിൽ ഫോൺ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കമ്പനി ഫോണിന്റെ ടീസർ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നതിനെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇനിയത് അധികം വൈകാനിടയില്ല. കാരണം റിയൽമി ജിടി2 ഇപ്പോൾ കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ലോഞ്ചിന് മുന്നോടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
റിയൽമി ജിടി2 പ്രോയിൽ 150 ഡിഗ്രി അൾട്രാ വൈഡ് ക്യാമറയുണ്ടാകുമെന്നും ഏറ്റവും പുതിയ സ്നാപ്ഡ്രാഗണൻ 8ജെൻ 1 ചിപ്പ് സെറ്റാവും ഇതിലെന്നുമാണ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ.
2015-ൽ പുറത്തിറങ്ങിയ നെക്സസ് 6പി ഫോണിന് സമാനമായ രൂപകൽപനയായിരിക്കും റിയൽമി ജിടി2 പ്രോയ്ക്കെന്നും പുറത്തുവന്ന ചിത്രങ്ങൾ സൂചന നൽകുന്നു. മുകൾ ഭാഗത്ത് തിരശ്ചീനമായി സ്ഥാപിച്ച കറുത്ത പശ്ചാത്തലത്തിലുള്ള ക്യാമറ മോഡ്യൂൾ ആണ് ഇതിന് കാരണം. നെക്സസ് 6പിയിൽ നിന്ന് വ്യത്യസ്തമായി ക്യാമറ മോഡ്യൂൾ പുറത്തേക്ക് തള്ളിനിൽകും വിധത്തിലാണെന്നും ചിത്രം സൂചന നൽകുന്നു.
6.8 ഇഞ്ച് WQHD+OLED ഡിസ്പ്ലേ ആയിരിക്കും റിയൽമി ജിടി2 പ്രോയ്‍ക്ക്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ടാവും. സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസറിന്റെ പിൻബലത്തിൽ ഫോണിന് കൂടുതൽ പ്രവർത്തന മികവ് ലഭിക്കും. 12 ജിബി വരെ റാം ശേഷിയും 256 ജിബി വരെ ഓൺ ബോർഡ് സ്റ്റോറേജും ഇതിൽ ലഭിച്ചേക്കും.
ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി ജിടി2 പ്രോയ്‍ക്കുണ്ടാവുക. ഇതിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും എട്ട് മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഉണ്ടാവും. 32 മെഗാപിക്സൽ ക്യാമറയാണ് സെൽഫിയ്‍ക്കുണ്ടാവുക.
റിയൽമി ജിടി2 പ്രോയിൽ 65 വാട്ട് അതിവേഗ ചാർജിങ് ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 5000 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതിൽ.
Content Highlights: Realme GT 2 appeared on companys website India launch likely soon