നിലവിൽ സ്മാർട്ഫോൺ രംഗത്ത് ഐ ഫോണിന്റെ സ്ഥാനത്തെ വെല്ലാൻ മറ്റൊരു കമ്പനിയില്ല. വില കൂടിയ ഫോണുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും ആൻഡ്രോയിഡ് ഫോൺ കമ്പനികളുടെയെല്ലാം സ്ഥാനം ഐ ഫോണിന് പിറകിൽ തന്നെയാണ്. എന്നാൽ ഐ ഫോണിന്റെ ഈ മേൽക്കോയ്മയ്‍ക്ക്, കുത്തകയ്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ വാഹന നിർമാണ കമ്പനിയായ ടെസ്ല പുതിയ സ്മാർട്ഫോൺ പുറത്തിറക്കാൻ പോവുകയാണത്രേ.! ടെസ്ല മോഡൽ പൈ..
അതെ, ഇലോൺ മസ്ക് സ്മാർട്ഫോൺ രംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്നും ഐ ഫോണിനെയും ആൻഡ്രോയിഡിനേയും വെല്ലുന്ന ഫീച്ചറുകളുമായെത്തുന്ന ഫോൺ ആയിരിക്കും അതെന്നുമാണ് അഭ്യൂഹങ്ങൾ. സ്റ്റാർ ലിങ്കിന്റെ സഹായത്തോടെ ചൊവ്വാഗ്രഹത്തിൽ വെച്ചും ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്ന് കൂടി കേട്ടാൽ ഫോണിന്റെ ലെവൽ ഏത് വരെയുണ്ടെന്ന് സങ്കൽപിക്കാവുന്നതേയുള്ളൂ.
സാങ്കേതികലോകത്ത് അത്ഭുതങ്ങൾ കാട്ടി അമ്പരപ്പിച്ചിട്ടുള്ള മസ്കും കൂട്ടരും ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങുകയാണെന്ന് കേൾക്കുമ്പോൾ തീർച്ചയായും ആരായാലും ഒന്ന് അമ്പരക്കും. അവർ അതിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങൾ എന്തൊക്കെയാണെന്നറിയാൻ ആരിലും ആഗ്രഹമുണ്ടാവും.
യഥാർത്ഥത്തിൽ ടെസ്ലയോ ഇലോൺ മസ്കോ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനങ്ങളൊന്നും ഈ ഫോണിനെ കുറിച്ച് നടത്തിയിട്ടില്ല. സെപ്റ്റംബറിൽ ഡെവ്ഡിസ്കോഴ്സ്.കോം ഇത് സംബന്ധിച്ച് ഒരു വെളിപ്പെടുത്തൽ നടത്തി.
എല്ലാ ദിവസവും സെർച്ച് എഞ്ചിനുകളിൽ ആളുകൾ ഒരേ ചോദ്യം തന്നെ ചോദിക്കുകയാണ്. ടെസ്ല ഫോൺ പുറത്തിറക്കാൻ പോവുകയാണോ?. അതെ ഇലോൺ മസ്കിന്റെ സ്മാർട്ഫോൺ താമസിയാതെ നമ്മൾ കാണും.
എന്താണ് ടെസ്ല മോഡൽ പൈ ?
ഇലക്‍ട്രിക് വാഹന നിർമാതാക്കളായ ടെസ്ല താമസിയാതെ പുറത്തിറക്കിയേക്കും എന്ന് പറയപ്പെടുന്ന ഒരു ഫ്യുച്വറിസ്റ്റിക് സ്മാർട്ഫോൺ ആണ് ടെസ്ല മോഡൽ പൈ. ചില മാതൃകാ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൊവ്വയിൽ ഉപയോഗിക്കാൻ സാധിക്കുമെന്നും സ്റ്റാർലിങ്ക് കണക്റ്റിവിറ്റി ഉണ്ടാകുമെന്നും, ന്യൂറാലിങ്കുമായി ബന്ധിപ്പിക്കാനാകുമെന്നും ജനങ്ങളിലേക്കെത്തുന്ന ആദ്യ സാറ്റലൈറ്റ് ഫോൺ ആയിരിക്കും ഇതെന്നും ഉൾപ്പടെഈ ഫോണിലെ സവിശേഷതകളെ കുറിച്ച് ഒട്ടേറെ റിപ്പോർട്ടുകളുണ്ട്.
ടെസ്ല മോഡൽ പൈയിൽ പ്രവചിക്കപ്പെടുന്ന സൗകര്യങ്ങൾ
ടെസ്ല മോഡൽ പൈയിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്ന ചില സവിശേഷതകളാണിവ. ഫോണിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 898 പ്രൊസസറോ അതിന് ശേഷം പുറത്തിറങ്ങിയ പ്രൊസസറുകളോ പുറത്തിറക്കാൻ പോവുന്നവയോ ആയിരിക്കാം. രണ്ട് ടിബി ഫ്ളാഷ് സ്റ്റോറേജുണ്ടാകും. സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും. ഫോണിന്റെ നിറം മാറ്റാൻ സാധിക്കുന്ന പ്രത്യേക കോട്ടിങും ഇതിലുണ്ടാവും. പരിസ്ഥിതി ഘടകങ്ങൾ അനുസരിച്ചായിരിക്കും ഇതിന്റെ നിറം മാറുക.
ഇതിൽ ക്വാഡ് ക്യാമറയാവും എന്നു സബ് സ്ക്രീൻ ഫ്രണ്ട് ക്യാമറ ആയിരിക്കുമെന്നും പറയപ്പെടുന്നു. ഇതുവരെ ഫോണുകളിൽ വന്നിട്ടില്ലാത്ത അത്രയും മികച്ച ശക്തിയേറിയ ക്യാമറയായിരിക്കും ടെസല്ല ഫോണിലേതെന്നും ഇതുപയോഗിച്ച് ക്ഷീരപഥം അഥവാ മിൽകി വേ പോലും ചിത്രീകരിക്കാനാവുമെന്നും അഭ്യൂഹങ്ങളുണ്ട്.
സൗരോർജം ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്‌യാൻ സാധിക്കുമത്രെ. ഇത് കൂടാതെ ടെസ്ലയുടെ വാഹനങ്ങളെല്ലാം ഫോണുമായിബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനുമാവും.
സ്റ്റാർലിങ്കിന്റെ സഹായത്തോടെ ചൊവ്വാ ഗ്രഹത്തിൽ ഉപയോഗിക്കാനാവും
മോഡൽ പൈ സ്മാർട്ഫോണിലെ ആന്റിനയിലൂടെ സ്പേസ് എക്സിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനമായ സ്റ്റാർലിങ്കുമായി ബന്ധിപ്പിക്കാനാവുമെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 210 എംബിപിഎസ് വരെ ഡൗൺലോഡ് വേഗം ഇതിൽ ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ന്യൂറാലിങ്കുമായി ബന്ധിപ്പിക്കാനാവും
മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടർഉപകരണവുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇലോൺ മസ്കിന്റെ പദ്ധതിയാണ് ന്യൂറാലിങ്ക്. ഇപ്പോഴും ഗവേഷണ ഘട്ടത്തിലിരിക്കുന്ന ഈ സംവിധാനം കേവലം ചിന്തകളിലൂടെ ഉപകരണം നിയന്ത്രിക്കാൻ സാധിക്കും വിധമാണ് രൂപകൽപന ചെയ്‌യുന്നത്. ഈ രീതിയിൽ ശരീരം ചലിപ്പിക്കാൻ സാധിക്കാത്ത ഒരാൾ ക്ക് ന്യൂറാലിങ്കിലൂടെ സ്മാർട്ഫോൺ ഉപയോഗിക്കാനാവുമെന്നാണ് റിപ്പോർട്ടുകൾ.
ക്രിപ്റ്റോ കറൻസി മൈനിങ്
മാർസ് കോയിൻ എന്ന പേരിൽ ക്രിപ്റ്റോ കറൻസിയിലേക്കു കടക്കാൻ ഈ ഫോൺ ഉപയോഗിച്ച് സാധിക്കുമത്രേ. ഫോൺ ഒരു ക്രിപ്റ്റോ വാലറ്റ് ആയി ഉപയോഗിക്കാൻ സാധിക്കും
പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ആദ്യ സാറ്റലൈറ്റ് ഫോൺ
ഈ ഫോണിനെ ആദ്യ സാറ്റലൈറ്റ് ഫോൺ എന്ന് പറയാൻ കഴിയില്ല. കാരണം. തുരായ (Thuraya), ഇറീഡിയം (Iredium) തുടങ്ങിയ സാറ്റലൈറ്റ് ഫോണുകൾ ഇതിനകം ലഭ്യമാണ്. എന്നാൽ, ആർക്കും വാങ്ങാൻ ആദ്യ സ്മാർട് സാറ്റലൈറ്റ്ഫോൺ ആയിരിക്കും ഇത് എന്ന് പറയാം.
ശരിക്കും ടെസ്ല മോഡൽ പൈ ഫോൺ ഉണ്ടോ? ഇത് എന്ന് പുറത്തിറങ്ങും ?
2021 അവസാനത്തോടെ ടെസ്ല ഫോൺ പുറത്തിറക്കുമെന്നാണ് ചിലർ പറഞ്ഞിരുന്നത്. എന്നാൽ, അത്തരം ഒരു വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോൾ പറയുന്നത് മോഡൽ പൈ 2022-ൽ എത്തുമെന്നാണ്. എന്തായാലും മുകളിൽ പറഞ്ഞ സവിശേഷതകളുമായി ഒരു ഫോൺ പുറത്തിറങ്ങണം എങ്കിൽ കുറഞ്ഞത് 2025 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.
നിലവിൽ ടെസ്ല മോഡൽ പൈ എന്നൊരു ഫോൺ ഇല്ല. ചിലപ്പോൾ കുറേ വർഷം കഴിഞ്ഞ് വന്നേക്കാം. എന്നാൽ, നിലവിൽ അങ്ങനെ ഒരു ഫോണില്ല. ഇറ്റാലിയൻ ഗ്രാഫിക്സ് ഡിസൈനറായ അന്റോണിയോ ഡി റോസ മോഡൽ പൈ ഫോണിന്റേത് എന്ന പേരിൽ തന്റെ ഭാവനയിൽ തയ്‌യാറാക്കിയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമാണ് മുകളിൽ പറഞ്ഞ അഭ്യൂഹങ്ങളെല്ലാം രംഗപ്രവേശം ചെയ്‌യുന്നതിനിടയാക്കിയത്. ഇത്തരം പദ്ധതികളെ കുറിച്ച് മസ്ക് ട്വീറ്റ് ചെയ്‌യുന്നത് വരെ ഇങ്ങനെ ഒരു ഫോൺ പദ്ധതി ടെസ്ലയ്‍ക്കില്ല എന്ന് തന്നെ വിശ്വസിക്കാം.
Content Highlights: Tesla’s rumoured making new ‘Model Pi’ Price, Specifications and Release Date