കെ റെയിൽ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് ശശീ തരൂരിന്‍റേത്. അത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Also Read :
ഒരു കോണ്‍ഗ്രസുകാരനാണെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കില്‍ അടിസ്ഥാനപരമായി തരൂര്‍ ഒരു കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് തത്വങ്ങള്‍ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികള്‍ക്ക് പോലും സില്‍വര്‍ ലൈനിന്‍റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാം.
ശശി തരൂരിന്‍റെ നിലപാട് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. ‘ഗവേഷണ ബുദ്ധിയോടെ എല്ലാകാര്യങ്ങളും വിലയിരുത്തുന്ന ഒരാള്‍ അതിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്. സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കമായിട്ടേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ.” മുല്ലപ്പള്ളി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read :
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കാൻ തീരുമാനിച്ചതിനെയും തരൂർ പിന്തുണച്ചിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന അവസ്ഥയാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തിരമായി ഇടപെടണം. പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങൾ ഇന്ന് ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വളര്‍ച്ചയില്‍ മുന്നേറേണ്ടതുണ്ടെന്നും തരൂർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമർശനങ്ങൾ.