ചരിത്രത്തിൽ ആദ്യമായി ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്പർശിച്ചു. നാസയുടെ പാർക്കർ സോളാർ പ്രോബ് ആണ് ഈ നേട്ടം കൈവരിച്ചത്. സൗരയൂഥത്തിൽ സൂര്യന്റെ സ്വാധീനമെന്തെന്ന് ഉൾപ്പടെ സൂര്യന്റെ രഹസ്യങ്ങൾ തേടിയാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്.
കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പേടകം പ്രവേശിച്ചു. ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി.
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 78.69 ലക്ഷം കിലോമീറ്റർ ഉയരത്തിൽ വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാർക്കർ സോളാർ പ്രോബ്.
സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പേടകം വിക്ഷേപിച്ചത്. ഇതിനിടെ ഒമ്പത് തവണ പേടകം സൂര്യനെ വലം വെച്ചിട്ടുണ്ട്. 2025 ൽ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാർക്കർ പേടകം സൂര്യനെ വലം വെക്കും.
ജനുവരിയിൽ പേടകം വീണ്ടും സൂര്യനോട് അടുക്കും. ഉപരിതലത്തിൽ 61.63 ലക്ഷം കിലോമീറ്റർ ഉയരത്തിൽ പേടകം പ്രവേശിക്കും.
എട്ടാമത്തെ തവണ സൂര്യനെ ചുറ്റുന്നതിനിടയിൽ 1.30 കോടി കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ പേടകം പ്രത്യേക കാന്തിക, കണികാ അവസ്ഥകളിലൂടെ കടന്നുപോയി. ഇതോടെയാണ് പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്ത്രജ്ഞർ അറിഞ്ഞത്.
Content Highlights: NASAs solar probe creates history, touches Suns upper atmosphere