ആൻഡ്രോയിഡ് ഫോണുകൾക്ക് വേണ്ടി ഒരു ആപ്പ് അവതരിപ്പിച്ച് ആപ്പിൾ. ആപ്പിളിന്റെ തന്നെ ഒരു ഉൽപ്പന്നം കൊണ്ട് മറ്റുള്ളവർക്ക് ശല്യമാകാതിരിക്കാൻ വേണ്ടിയാണ് ഈ ആപ്പ്. ആപ്പിൾ എയർടാഗിന് വേണ്ടിയാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ബാഗുകൾ, താക്കോലുകൾ എന്നിവ എവിടെയാണ് വെച്ചതെന്ന് മറന്നുപോയാൽ എളുപ്പം കണ്ടുപിടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന സ്മോൾ ലൊക്കേഷൻ ട്രാക്കറുകളാണ് എയർടാഗുകൾ.
എന്നാൽ, ആളുകൾ അറിയാതെ ബാഗിലും മറ്റും വെച്ച് അവരെ നിരീക്ഷിക്കുന്നതുൾപ്പടെയുള്ള ദുരുദ്ദേശ്യത്തോടെ ഇത് ഉപയോഗിക്കാനാകും. ഈ സാധ്യത തിരിച്ചറിഞ്ഞാണ് അടുത്തുള്ള ട്രാക്കറുകൾ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടേതല്ലാത്ത ട്രാക്കറുകൾ തിരിച്ചറിയാൻ ഈ സംവിധാനം ആൻഡ്രോയിഡ് ഉപഭോക്താക്കളെ സഹായിക്കും.
നേരത്തെ ആപ്പിളിന്റെ വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ എയർടാഗുകൾ കണ്ടെത്താൻ സാധിക്കുമായിരുന്നുള്ളൂ. എയർടാഗുകൾ പുറത്തിറക്കി രണ്ട് മാസങ്ങൾക്ക് ശേഷം അവയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകളെ തുടർന്ന് അപരിചിതമായ എയർടാഗുകളും മറ്റ് തേഡ്പാർട്ടി ട്രാക്കറുകളും കണ്ടെത്തുന്നതിനുള്ള ഫീച്ചർ ഐഫോണുകളിൽ അവതരിപ്പിച്ചിരുന്നു.
പുതിയ ആൻഡ്രോയിഡ് ട്രാക്കർ ഡിറ്റക്ടർ ആപ്പിലൂടെ ആപ്പിൾ സ്വന്തം ഉപകരണങ്ങൾക്ക് വേണ്ടി നിർമിച്ച ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സാധിക്കും.
ആരെങ്കിലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് പിന്തുടരുമെന്ന് സംശയമുണ്ടെങ്കിൽ ഈ ആപ്പ് ഉപയോഗിക്കാമെന്ന് ആപ്പിൾ പറയുന്നു. എയർടാഗുകൾ കണ്ടെത്തിയാൽ ആപ്പ് ഒരു ശബ്ദം പുറത്തുവിടും. രജിസ്റ്റർ ചെയ്ത ഐഫോണുകൾ നിശ്ചിത അകലത്തിൽ നിന്ന് മാറുമ്പോൾ എട്ട് മുതൽ 24 മണിക്കൂർ ഇടവേളകളിൽ എയർടാഗുകളും ബീപ്പ് ശബ്ദം പുറത്തുവിടും.
ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് എയർടാഗ് കണ്ടെത്തിയാൽ അതിലെ ബാറ്ററി എങ്ങനെ നീക്കം ചെയ്യണമെന്നും എങ്ങനെ പ്രവർത്തനരഹിതമാക്കാം എന്നുമുള്ള നിർദേശങ്ങളും ആപ്പിൽ ലഭിക്കും.
Content Highlights: Apple launches Android app to detect AirTags tracker used with malicious intent