മനാമ> വര്ക്ക് പെര്മിറ്റ് പുതുക്കുന്നതിനുള്ള നിരോധനം നീണ്ടുപോകാന് തുടങ്ങിയതോടെ കുവൈത്തില് ബിരുദം ഇല്ലാത്ത 60 വയസുകഴിഞ്ഞവര്ക്ക് ബാങ്ക് ഇടപാടുകള് മുടങ്ങുന്നു. ഇവര്ക്ക് നാട്ടില് കുടുംബത്തിന് പണം അയക്കാന് കഴിയുന്നില്ല.
കുവൈത്ത് നിയമപ്രകാരം ബാങ്കുകളിലും ഫോറിന് എക്സ്ചേഞ്ചുകളിലും സാധുവായ സിവില് ഐഡി കാര്ഡ് ഇല്ലാതെ പണമിടപാട് നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഐഡി കാര്ഡുകള് കാലഹരണപ്പെട്ടാല് ബാങ്ക് എടിഎം കാര്ഡുകള് ഉപയോഗിക്കാനോ, ഈ വിഭാഗത്തില് പെടുന്ന ഉപഭോക്താവിന് വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം നേടാനോ, നിക്ഷേപം പിന്വലിക്കാനോ മറ്റ് ബാങ്കിംഗ് ഇടപാട് നടത്താനോ കഴിയില്ല.
കുവൈത്തില് 60 വയസ്സ് കഴിഞ്ഞ ഹൈസ്ക്കൂള് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നത് നേരത്തെയുള്ള തീരുമാനപ്രകാരം നിര്ത്തിവെച്ചിരിക്കയാണ്. വിലക്ക് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര് അവസാന വാരം ഫത്വ ലെജിസ്ലേറ്റീവ് സമിതി അസാധുവാക്കിയിരുന്നു. എന്നാല്, തീരുമനാം ഇതുവരെ നടപ്പായിട്ടില്ല. ഈ സാഹചര്യത്തില് ഇവര്ക്ക് മാനുഷിക പരിഗണനവെച്ച് റെസിഡന്സി പെര്മിറ്റ് പുതുക്കി നല്കാന് ആഭ്യന്തര മന്ത്രാലയം അഞ്ച് ദിവസം മുന്പ് തീരുമാനിച്ചിരുന്നു.
ഈ വര്ഷം ആദ്യമാണ് വിലക്ക് പ്രാബല്യത്തില് വന്നത്. ഇതുകാരണം കുവൈത്തില് ദീര്ഘകാലം താമസിച്ചിരുന്ന ആയിരക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളും പ്രതസന്ധിയിലായി. നിരാധനം നിലവില് വന്നആദ്യ ആറ് മാസത്തിനില് കുവൈത്തിലെ തൊഴില് വിപണിയില് നിന്ന് 4,013 പ്രവാസികള് അവരുടെ നാട്ടിലേക്ക് മടങ്ങാന് നിര്ബന്ധിതരായി.
കുവൈത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമായാണ് നിരോധനത്തെ കാണുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യ 46 ലക്ഷമാണ്. ഇതില് ഏകദേശം 34 ലക്ഷവും വിദേശികളാണ്.