തിരുവനന്തപുരം: ജില്ലാ സമ്മേളനം അടുത്തതോടെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷം. ഐ.ബി.സതീഷ് എംഎൽഎയോട് ജില്ലാ നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് തർക്കം മൂർച്ഛിച്ചത്.
കരാട്ടെ അസോസിയേഷൻ ഭാരവാഹിയായ ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോർട്സ് കൗൺസിൽ അഫിലിയേഷൻ ലഭിക്കാൻ ശുപാർശ നൽകിയതിനെ തുടർന്നാണ് ഐ.ബി.സതീഷിനോട് വിശദീകരണം തേടിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് വിശീദരണം ചോദിച്ചത്.
എന്നാൽ മറ്റു രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളും ഇതേ ശുപാർശ നൽകിയപ്പോൾ സതീഷിനോട് മാത്രം വിശീദകരണം ചോദിച്ചത് മറുപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിനെ തരംതാഴ്ത്തിയപ്പോൾ എതിർത്തതാണ് സതീഷിനോട് വിശദീകരണം ചോദിക്കാൻ കാരണമായതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഇത്തരത്തിൽ തന്നോട് വിശദീകരണം തേടിയതിൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ഐബി സതീഷ് ജില്ലാ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു സതീഷ്ആനാവൂർ നാഗപ്പനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
കാട്ടാക്കടയിൽ തനിക്കെതിരെ പതിച്ച പോസ്റ്ററുകൾക്ക് പിന്നിൽ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നായിരുന്നു എംഎൽഎയുടെ ആരോപണം. ബിജെപി അനുഭാവമുള്ള സംഘടനക്ക് സ്പോർട്സ് കൗൺസിൽ അഫിലിയേഷന് ശുപാർശ നൽകിയതിൽ രക്തസാക്ഷി കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചതോടെയാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വാദം.
ഇതിനിടെ അച്ചടക്കനടപടിക്ക് ശേഷം പാർട്ടി പരിപാടികൾ തന്നെ അറിയിക്കുന്നില്ലെന്നും തന്നെ അനുകൂലിച്ചവരെ ഒതുക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ച് വി.കെ.മധു സംസ്ഥാന സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേ സമയം ഐബി സതീഷിനോട് വിശദീകരണം തേടിയെങ്കിലും തുടർ നടപടികളൊന്നും ജില്ലാ നേതൃത്വം കൈക്കൊണ്ടിട്ടില്ല. നടപടിയുണ്ടായാൽ ജനുവരി 14-ന് ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തിൽ ഇത് പ്രധാന വിഷയമാകും.
കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ് ജില്ലയിൽ ആനാവൂർ നാഗപ്പൻ വിരുദ്ധ വിഭാഗമെന്ന പേരിൽ അറിയപ്പെടുന്നത്. മന്ത്രിസ്ഥാനം നഷ്ടമായതോടെ കടകംപള്ളിയെ ഒതുക്കുകയാണെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. എന്നാൽ പ്രശ്നങ്ങൾ ഊതിപെരുപ്പിച്ച് അതിൽ നിന്ന് നേട്ടമുണ്ടാക്കുക എന്നതാണ് ഒരു വിഭാഗത്തിന്റെ ലക്ഷ്യമെന്ന് ആനവൂർ നാഗപ്പനും അനുകൂലികളും വ്യക്തമാക്കുന്നു.