ശബരിമല > മണ്ഡലമകരവിളക്ക് ഉത്സവത്തിന് നട തുറന്ന് ഒരുമാസം പിന്നിടുമ്പോള് ശബരിമലയില് നടവരവ് 45 കോടി കവിഞ്ഞു. അപ്പം, അരവണ വിറ്റുവരവും, കാണിക്കയും ഉള്പ്പടെ ഡിസംബര് 14 വരെയുള്ള കണക്കാണിത്. അരവണ വിറ്റതിലൂടെ 17 കോടി രൂപയും കാണിക്കയിലൂടെ 15 കോടി രൂപയും ലഭിച്ചു. അപ്പം വിറ്റതിലൂടെ രണ്ട് കോടി രൂപയും അന്നദാന സംഭാവനായായി ഒരു കോടി രൂപയും ലഭിച്ചു. പോസ്റ്റല് പ്രസാദം, വഴിപാടുകള്, മറ്റിനങ്ങളിലൂടെയാണ് ബാക്കി വരുമാനം.
ആറര ലക്ഷത്തോളം തീര്ഥാടകരാണ് ഇതുവരെ സന്നിധാനതെത്തി ദര്ശനം നടത്തിയത്. കോവിഡിന് മുന്പ് ഇക്കാലയളവില് 104 കോടിയായിരുന്നു ശബരിമല വരുമാനം. കോവിഡ് സമയത്ത് ഇത് അഞ്ച് കോടിയായി കുറഞ്ഞു. അപ്പം അരവണ നിര്മ്മാണവും തടസങ്ങളില്ലാതെ നടക്കുന്നു. രണ്ടര ലക്ഷം ടിന് അരവണ നിലവില് സ്റ്റോക്കുണ്ട്. അപ്പം നിര്മ്മാണത്തിലെ കുറവ് പരിഹരിക്കാന് കൂടുതല് ജീവനക്കാരെ നിയോഗിക്കാന് കരാറുകാരനോട് നിര്ദ്ദേശിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര് പറഞ്ഞു.
മണ്ഡലപൂജ അടുത്തതോടെ ദര്ശനത്തിന് എത്തുന്ന തീര്ഥാടകരുടെ എണ്ണം വര്ധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കോവിഡ് നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് അനുവദിച്ചേക്കും. വെര്ച്വല് ക്യൂവില് ബുക്ക് ചെയ്ത ശേഷം തീര്ഥാടകര് ദര്ശനത്തിനെത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദര്ശനത്തിന് വരാന് താല്പര്യമുള്ളവര്ക്ക് ഇത് അവസരം നിഷേധിക്കാന് കാരണമാകുന്നതായി ദേവസ്വം ബോര്ഡ് അധികൃതര് പറയുന്നു. പ്രതിദിനം 45000 തീര്ഥാടകര്ക്കാണ് വെര്ച്വല് ക്യൂവിലൂടെ ദര്ശനത്തിന് അനുമതി നല്കുന്നത്. എന്നാല് ശരാരശരി 35000 തീര്ഥാടകര് മാത്രമാണ് എത്തുന്നത്. സ്പോട്ട് രജിസ്ട്രേഷനിലൂടെ ശരാശരി 1500 തീര്ഥാടകരും എത്തുന്നു. പരമ്പരാഗത പാത തുറന്ന സാഹചര്യത്തില് സന്നിധാനത്ത് വിരിവെക്കാനുള്ള സൗകര്യം ആരംഭിച്ചു.
അന്നദാനമണ്ഡപത്തിന് മുകളിലെ വിരിവെപ്പ് കേന്ദ്രമാണ് ചൊവ്വാഴ്ച മുതല് തുറന്ന് കൊടുത്തത്. ഇതോടെ അയ്യായിരത്തോളം തീര്ഥാടകര്ക്ക് ഇവിടെ വിരിവെക്കാനുള്ള സൗകര്യമൊരുങ്ങും.