ബെംഗളുരു: മലയാളികളുടെ നേതൃത്വത്തിലുള്ള ഫിൻടെക് സ്റ്റാർട്ട് അപ്പായ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് കൺസ്യൂമർ നിയോ-ബാങ്കിങ് പ്ലാറ്റ്ഫോമായ ഫിനിനിനെ(Finin) ഏറ്റെടുത്തു. ഒരു കോടി ഡോളറിന്റെ (75.83 കോടിയിലേറെ രൂപ) പണവും ഓഹരിയും ഉൾപ്പെടുന്ന ഇടപാടാണ് നടന്നത്. ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ആദ്യ കൺസ്യൂമർ നിയോ ബാങ്കിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഫിനിൻ. 2019 ലാണ് ഇത് ആരംഭിച്ചത്.
യുണികോൺ ഇന്ത്യ വെഞ്ച്വേഴ്സിന്റെയും അർചന പ്രിയദർശിനിയുടെയും പിന്തുണയിലായിരുന്നു ഫിനിൻ. പണം സൂക്ഷിക്കാനും നിക്ഷേപിക്കാനും സാധിക്കുന്ന സേവിങ്സ് അക്കൗണ്ടുകളാണ് ഫിനിൻ വാഗ്ദാനം ചെയ്‌യുന്നത്.
ആഗോള ടെക് കമ്പനിയായ ഗൂഗിളിൽ നിന്നുൾപ്പെടെ 10 കോടി ഡോളറിന്റെ മൂലധന നിക്ഷേപമുള്ള സ്ഥാപനമാണ് ഓപ്പൺ. ഏറ്റെടുക്കലിലൂടെ കമ്പനിയുടെ പുതിയ സേവനങ്ങളായ സ്വിച്ച് (എംബെഡഡ് ഫിനാൻസ് പ്ലാറ്റ്ഫോം), ബാങ്കിങ്സ്റ്റാക്ക് (ഇന്ത്യയിലെ പതിനഞ്ചില്പരം ബാങ്കുകൾ ഉപയോഗിക്കുന്ന ക്ലൗഡ് അധിഷ്ഠിത എസ്.എം.ഇ. ബാങ്കിങ് പ്ലാറ്റ്ഫോം) എന്നിവ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് ഓപ്പൺ വാർത്താകുറിപ്പിൽ പറഞ്ഞു.
പെരിന്തൽമണ്ണ സ്വദേശിയായ അനീഷ് അച്യുതൻ, ഭാര്യ തിരുവല്ല സ്വദേശി മേബൽ ചാക്കോ, അനീഷിന്റെ സഹോദരൻ അജീഷ് അച്യുതൻ, ടാക്സി ഫോർ ഷുവർ സി.എഫ്.ഒ. ആയിരുന്ന മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് എന്നിവർ ചേർന്ന് 2017-ൽ പെരിന്തൽമണ്ണയിൽ തുടങ്ങിയ സംരംഭത്തിന്റെ പ്രവർത്തന മേഖല ഇപ്പോൾ ബെംഗളൂരുവിലാണ്. എം.എസ്.എം.ഇകൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട വ്യാപാരികൾക്കും പണമിടപാടുകൾ ഓട്ടോമേറ്റ് ചെയ്‌യാൻ സഹായിക്കുന്ന പുതുതലമുറ ബാങ്കിങ് സേവനമാണ് ഓപ്പൺ ഒരുക്കുന്നത്.
ക്ലൗഡ് നേറ്റീവ് എന്റർപ്രൈസ് ബാങ്കിങിലും എംബഡഡ് ഫിനാൻസ് മേഖലയിലും ഫിനിൻ ഏറ്റെടുക്കലിലൂടെ ഓപ്പണിന്റെ തന്ത്രപരമായ മൂല്യം വർധിപ്പിക്കുമെന്ന് ഓപ്പൺ സഹ സ്ഥാപകനും സിഇഒയുമായി അനീഷ് അച്യുതൻ പറഞ്ഞു. ഇന്ന് തങ്ങളുടെ ക്ലൗഡ് നേറ്റീവ് എന്റർപ്രൈസ് ബാങ്കിംഗ് സേവനമായ ബാങ്കിംഗ് സ്റ്റാക്കിലൂടെ ഇന്ത്യയിലെ 15 ബാങ്കുകൾക്കും തെക്ക്-കിഴക്കൻ ഏഷ്യയിലെ 2 ബാങ്കുകൾക്കും ബിസിനസ്സ് ബാങ്കിംഗ് മേഖലയിൽ പിന്തുണ നൽകുന്നുണ്ട്. ഫിനിൻ ഓപ്പണിന്റെ ഭാഗമാവുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ ബാങ്കിംഗ് അനുഭവങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ബാങ്കുകൾക്ക് സമഗ്രമായ ബിസിനസ്സ്, ഉപഭോക്തൃ ബാങ്കിംഗ് നിർദ്ദേശങ്ങൾ വാഗ്ദാനം ചെയ്‌യാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ആദ്യമായി ഫിനിൻ ആരംഭിച്ചപ്പോൾ, ഫിൻടെക് വ്യവസായത്തിൽ ഒരു മുഖമുദ്ര പതിപ്പിക്കുമെന്നും ഇന്ത്യൻ ഉപഭോക്താക്കൾക്ക് നിയോ-ബാങ്കിംഗിലൂടെ എന്തുചെയ്‌യാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുമെന്നും തന്റെ ടീമിനോട് പറഞ്ഞിരുന്നുവെന്നും. ഇപ്പോൾ ഓപ്പണിന്റെ ഏറ്റെടുക്കലോടെ, തങ്ങൾ ആ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ഫിനിൻ സഹസ്ഥാപകനും മേധാവിയുമായ സുമൻ ഗന്ധം പറഞ്ഞു.
Content Highlights: Open acquires consumer neo-banking platform Finin for 10 Million dollar