വാട്സാപ്പിൽ പുതിയ സ്വകാര്യത ഫീച്ചർ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ലാസ്റ്റ് സീൻ സ്റ്റാറ്റസ് കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവരിൽനിന്ന് മറച്ചുവെക്കുന്ന ഫീച്ചർ ആണിത്. ആൻഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.
എറ്റവും ഒടുവിൽ വാട്സാപ്പ് ഉപയോഗിച്ച സമയം കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവർക്ക് കാണാൻ സാധിക്കുന്ന ഫീച്ചർ ആണ് ലാസ്റ്റ് സീൻ സ്റ്റാറ്റസ്. ഇത് ഒരു തരത്തിൽ സുരക്ഷാ ഫീച്ചർ കൂടിയാണ്.
കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവരിൽനിന്നു ലാസ്റ്റ് സീൻ സ്റ്റാറ്റസ് മറച്ചുവെക്കാനുള്ള സൗകര്യം വാട്സാപ്പ് നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നതാണ്. പ്രൈവസി സെറ്റിങ്സിൽ ലാസ്റ്റ് സീൻ ഓപ്ഷനിൽ മൈ കോൺടാക്റ്റ് തിരഞ്ഞെടുത്താൽ ഇത് സാധിക്കും. എന്നാൽ ചില തേഡ് പാർട്ടി ആപ്പുകളുടെ സഹായത്തോടെ ആളുകൾക്ക് വാട്സാപ്പ് ഉപഭോക്താക്കളുടെ ഓൺലൈൻ സ്റ്റാറ്റസ് നിരീക്ഷിക്കാനാകുമായിരുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും അത്തരം ചില ആപ്പുകൾ ലഭ്യമാണെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്‌യുന്നു. ഈ ആപ്പുകൾ ഉപയോഗിച്ച് വാട്സാപ്പ് ഉപഭോക്താക്കളുടെ ഓൺലൈൻ സ്റ്റാറ്റസും ലാസ്റ്റ് സീനും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാവും.
എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ഇത്തരം ആപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് സ്വകാര്യത നൽകും. ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്ത വാട്സാപ്പ് അക്കൗണ്ടുകൾക്ക് നിങ്ങളുടെ ലാസ്റ്റ് സീൻ സ്റ്റാറ്റസും ഓൺലൈൻ സ്റ്റാറ്റസും കാണാൻ സാധിക്കില്ല.
അതേസമയം, ചില പ്രത്യേക കോൺടാക്റ്റുകളിൽ നിന്ന് മാത്രമായി ലാസ്റ്റ് സീൻ സ്റ്റാറ്റസും പ്രൊഫൈൽ ചിത്രങ്ങളുമെല്ലാം മറച്ചുവെക്കാനുള്ള സൗകര്യം അവതരിപ്പിക്കാനും വാട്സാപ്പ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ബീറ്റാ പരീക്ഷണം കമ്പനി നടത്തിയിരുന്നു. രാത്രിസമയത്തെ വാട്സാപ്പ് ഉപയോഗത്തിന് സദാചാര വാദികളുടെ ചോദ്യം ചെയ്‌യലുകൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്ക് കോൺടാക്റ്റ് ലിസ്റ്റിലുള്ള ഇത്തരക്കാരെ അവഗണിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണിത്.
Content Highlights: WhatsApp is rolling out a new feature for better privacy