മുസ്ലീം ലീഗ് വർഗീയ പക്ഷത്തേക്ക് ചായുകയാണ്. ലീഗിലെ സമാധാനകാംക്ഷികളെ തീവ്രവാദത്തിൻ്റെ കൈകളിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ്. ഇക്കാര്യം സാധാരണക്കാരായ ലീഗ് പ്രവർത്തകർ തിരിച്ചറിയണം. ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുന്നുണ്ടെന്നും സിപിഎം എറണാകുളം ഉദ്ഘാടനം ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് പ്രശ്നത്തിൽ തർക്കം തുടരുന്നതിനിടെയാണ് മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്.
വർഗീയ പക്ഷത്തേക്ക് ചായുകയാണ് ലീഗ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം ഇതാണ് കാണിക്കുന്നത്. വഖഫ് പ്രശ്നത്തിൽ ലീഗ് നടത്തിയ റാലിയിലൂടെ അവരുടെ നിലപാട് കുറച്ച് കൂടി കടന്ന് പോകുന്നു എന്നതിൻ്റെ തെളിവാണ്. മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴാണ് വർഗീയതയാകുന്നത്. മതനിരപേക്ഷ കേരളത്തിൻ്റെ അടിത്തറ തകർക്കാനുള്ള ശ്രമമാണ് ചിലരെങ്കിലും നടത്തുന്നത്. സ്വത്വ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർലൈൻ പദ്ധതിക്കെതിരെ ബിജെപിയും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും വലിയ പ്രചാരണം നടത്തുകയാണ്. കേരളത്തിൻ്റെ വികസന പ്രശ്നങ്ങളെ ഒന്നിച്ച് നാട് നേരിടേണ്ടതാണ്. പക്ഷേ, കേരളത്തിലെ പ്രതിപക്ഷത്തിന് അതിന് താത്പര്യമില്ല. അധികാര രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ബിജെപിയും സംസ്ഥാനത്ത് പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.