ഓഫീസുകൾ തുറക്കാനുള്ള നീക്കത്തിൽ അമേരിക്കയിലെ കമ്പനികൾ വീണ്ടും പ്രതിസന്ധി നേരിടുന്നു. കോവിഡ്-19 ന്റെ ഒമിക്രോൺ പതിപ്പിനെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നതോടെ ജീവനക്കാരെ വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് മോഡൽ എന്നിവയിൽ തന്നെ തുടരാൻ നിർദേശിച്ചിരിക്കുകയാണ് മെറ്റ, ആപ്പിൾ, ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ. ഇതോടെ ഓഫീസുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്ന സമയം ഇനിയും വൈകും.
ഓഫീസുകൾ തുറക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്ന കമ്പനികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു. മെറ്റായാണ് ഇതിൽ ഏറ്റവും ഒടുവിൽ തീരുമാനമെടുത്ത കമ്പനികളിലൊന്ന്. യു.എസിലെ ഓഫീസുകൾ ജനുവരി 31 തുറക്കുമെന്നാണ് കമ്പനി ബുധനാഴ്ച ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. എങ്കിലും ജീവനക്കാർക്ക് ഓഫീസിൽ വരാൻ മൂന്ന് മുതൽ അഞ്ച് മാസം വരെ അധികസമയം നൽകിയിട്ടുണ്ട്.
കമ്പനിയുടെ ഓഫീസ് ഡിഫെറൽ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ജീവനക്കാർക്ക് ഓഫീസിലേക്ക് തിരികെ വരുന്നതിന് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ. ഓഫീസിലേക്ക് വരാൻ പ്രയാസമുള്ളവർക്ക് സ്ഥിരമായി വർക്ക് ഫ്രം ഹോം എടുക്കാൻ അനുവദിക്കും.
മെറ്റായുടെ പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഗൂഗിൾ ആപ്പിൾ, ലിഫ്റ്റ്, ഉബർ ഉൾപ്പടെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിവിധ കമ്പനികൾ അവരുടെ ജീവനക്കാർക്ക് വേണ്ടി സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.
ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിവരാൻ നേരത്തെ നിശ്ചയിച്ചിരുന്നത് ഗൂഗിൾ ജനുവരി 10 ലേക്ക് മാറ്റി. ജനുവരിയിൽ സാഹചര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് കമ്പനിയുടെ ഉദ്ദേശിക്കുന്നത്.
അതേസമയം ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിവരുന്നത് ഉബർ അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്. ജനുവരിയിൽ ഓഫീസ് തുറക്കാൻ നിശ്ചയിച്ചിരുന്ന ആപ്പിൾ തീയതി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.
അതേസമയം ഓൺലൈൻ ടാക്സി സ്ഥാപനമായ ലിഫ്റ്റ് ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങുന്നത് 2023 വരെ നീട്ടിവെച്ചിട്ടുണ്ട്.
ഒമിക്രോണിന് ഇതിനു മുൻപുള്ള വകഭേദങ്ങളെക്കാൾ വ്യാപനശേഷി കുടുതലുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തുടനീളം ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവരികയാണ്.
വീട്ടിലിരുന്നുള്ള ജോലി ജീവനക്കാർക്കിടയിൽ ഓഫീസ് സംസ്കാരം ഇല്ലാതാക്കുമെന്ന ഭീതി കമ്പനികളിലുണ്ട്. ഇതേ തുടർന്ന് ജീവനക്കാരെ ബാച്ചുകളായി ഓഫീസിൽ വരും വിധമുള്ള ഹൈബ്രിഡ് രീതി പരീക്ഷിക്കാനായിരുന്നു നീക്കം.
പുതിയ വർഷം വരുമ്പോഴും കോവിഡ് ഭീതി ഒഴിയുന്നില്ല. ഈ സാഹചര്യം കമ്പനികൾ ഏത് രീതിയിൽ നേരിടുമെന്ന് കണ്ടറിയണം.
Content Highlights: Google, Apple, Meta and other tech companies change office opening plans