തിരുവനന്തപുരം > സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗിന്റെ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ്. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം അണികൾക്കിടയിൽ പരിഭ്രാന്തി പടർത്താനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് അപകടകരമാണ്. കമ്യൂണിസ്റ്റുകാരുമായി ഒരു ബന്ധവും പാടില്ല എന്നാണ് ചിലയാളുകൾ കോഴിക്കോട് പ്രസംഗിച്ചത്. ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്ന് ഓരോ വ്യക്തികളും തീരുമാനിക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു.
മുസ്ലീംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. മുസ്ലീം ലീഗ് മത പാർട്ടിയാണെന്നതിന്റെ പരസ്യ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടത്. ലീഗിന്റെ ഈ നീക്കം അപകടകരമാണ്. അപകടകരമായ ഇത്തരം നീക്കങ്ങളിൽ നിന്ന് ലീഗ് പിന്തിരിയണം. മുസ്ലീംലീഗ് നേതൃത്വം അണികളിൽ പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണ്, എന്നാൽ ലീഗിന്റെ ഇത്തരം നീക്കങ്ങൾ വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
മുസ്ലിം ലീഗ് നടത്തിയ റാലിയിൽ പലരും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയാണുണ്ടായത്. അതിനോട് കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ആർഎസ്എസ് നടത്തുന്ന അതേ പ്രവർത്തനം തന്നെയാണ് മുസ്ലിം ലീഗ് നടത്തുന്നത്. ഇതിനെതിരായി മുസ്ലിം ബഹുജനങ്ങൾ രംഗത്തിറങ്ങണം. കേരളത്തിലെ മുസ്ലീം ജനങ്ങൾ ഇത്തരം നീക്കങ്ങളെ അംഗീകരിക്കാൻ പോകുന്നില്ല. ആളുകളെ തെരുവിലിറക്കി കലാപം സൃഷ്ടിക്കാനുള്ള നീക്കം അപകടകരമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരായി രംഗത്തുവരണം. പള്ളികളിൽ രാഷ്ട്രീയപ്രവർത്തനം നടത്തി സംഘർഷമുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്.
പള്ളിയിൽ എല്ലാ രഷ്ട്രീയ പാർട്ടിക്കാരും പോകുന്നുണ്ട്. ലീഗിന്റെ ഈ നീക്കത്തിന് സുന്നി സംഘടനകൾ കൂട്ടുനിന്നില്ല. ലീഗ് ഒറ്റപ്പെട്ടു. അതിന്റെ ജാള്യത മറക്കാനാണ് ഇന്നലെ കോഴിക്കോട് പരിപാടി സംഘടിപ്പിച്ചത്. കെപിസിസിയെ നയിക്കുന്നത് ലീഗാണോ എന്ന് കോൺഗ്രസിനോട് ചോദിക്കണം. വി എം സുധീരനോ മുല്ലപ്പള്ളി രാമചന്ദ്രനോ ആയിരുന്നു കെപിസിസി പ്രസിഡന്റ് എങ്കിൽ ഇന്നലെ ഇതിനെതിരെ പ്രതികരിക്കുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.