ഡോക്യുമെന്റുകളും സ്പ്രെഡ്ഷീറ്റുകളും തയ്‌യാറാക്കുന്നതിന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സേവനമാണ് മൈക്രോസോഫ്റ്റ് ഓഫീസ്. വേഡ്, പവർപോയിന്റ്, എക്സെൽ തുടങ്ങിയ സേവനങ്ങൾ അതിൽപെടുന്നു. എന്നാൽ ഇന്ന് ഈ സേവനം ഉപയോഗിക്കുന്നതിന് ചെലവ് അൽപം കൂടുതലാണ്. പലരും എംഎസ് ഓഫീസിന്റെ പൈറേറ്റഡ് പതിപ്പ് ഉപയോഗിക്കുന്നുമുണ്ട്. അത് പക്ഷെ അത്ര സുരക്ഷിതമല്ല. യഥാർത്ഥത്തിൽ ഡോക്യുമെന്റുകൾ തയ്‌യാറാക്കാൻ എംഎസ് ഓഫീസ് മാത്രമാണോ ഉള്ളത്. അല്ല. സമാനമായ മറ്റ് സേവനങ്ങൾ ലഭ്യമാണ്. അവയിൽ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഗൂഗിൾ വർക്ക് സ്പേസ്
എംഎസ് ഓഫീസിന് പകരം ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ സേവനമാണ് ഗൂഗിൾ വർക്ക് സ്പേസ്. ഇത് തീർത്തും സൗജന്യ സേവനമാണ്. ഗൂഗിൾ അക്കൗണ്ടുള്ളവർക്ക് 15 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യവും ലഭിക്കും. വേഡ്, എക്സെൽ, പവർപോയിന്റ് എന്നിവയ്‍ക്ക് പകരമായി ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നീ സേവനങ്ങൾ ഇതിൽ ലഭ്യമാണ്. മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവിന് പകരമായി ഗൂഗിൾ ഡ്രൈവും ലഭ്യമാണ്.
ആപ്പിൾ ഐ വർക്ക്
മൈക്രോസോഫ്റ്റ് ഓഫീസിന് പകരം ഉപയോഗിക്കാവുന്ന നല്ലൊരു സൗജന്യ സേവനമാണിത്. എന്നാൽ ഇത് ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഇതിന്റെ വെബ് വേർഷൻ ലഭ്യമാണെങ്കിലും സൗകര്യങ്ങൾ കുറവാണ്. പേജസ്, നമ്പേഴ്സ്, കീനോട്ട് എന്നിവയാണ് വേഡ്, എക്സെൽ, പവർപോയിന്റ് എന്നിവയ്‍ക്ക് പകരമായുള്ളത്. ആപ്പിളിന്റെ വിവിധ അനുബന്ധ സൗകര്യങ്ങളും ഇതിൽ പ്രയോജനപ്പെടുത്താനാവും.
ഡബ്ല്യൂപിഎസ് ഓഫീസ്
മൈക്രോസോഫ്റ്റ് ഓഫീസിനോട് ഏറെ സമാനതകളുള്ള സേവനമാണ് ഡബ്ല്യൂപിഎസ് ഓഫീസ് (WPS Office). വേഡ്, എക്സൽ, പവർപോയിന്റ് ഫയലുകൾ ഒറ്റ ടാബിന് കീഴിൽ തുറക്കാൻ ഇതിൽ സാധിക്കും. വിൻഡോസ്, ലിനക്സ്, മാക്ക് എന്നിവയിൽ ഒരു സോഫ്റ്റ് വെയർ ആയും ആപ്പ് ആയും ഡബ്ല്യൂപിഎസ് ഓഫീസ് ലഭിക്കും. ആൻഡ്രോയിഡിലും, ഐഓഎസിലും ഡബ്ല്യൂപിഎസ് ഓഫീസ് ആപ്പ് ലഭ്യമാണ്. ക്ലൗഡ് സേവനവും ഇത് നൽകുന്നുണ്ട്. ഒരു പരിധിവരെ സൗജന്യമായി ഇത് ഉപയോഗിക്കാൻ സാധിക്കും.
ലീബ്ര ഓഫീസ്
ഒരു ഓപ്പൺസോഴ്സ് വേഡ് പ്രൊസസർ സ്യൂട്ട് ആണ് ലീബ്ര ഓഫീസ്. പൂർണമായും സൗജന്യമായി ഉപയോഗിക്കാം. രൂപകൽപന നോക്കിയാൽ ഇത് അൽപ്പം പഴയതാണെന്ന് തോന്നാം. എന്നാൽ സൗകര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇത് മികച്ചതാണ്. പക്ഷെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഇത് നൽകുന്നില്ല. പൂർണമായും ഓഫ്ലൈൻ ആയാണ് ഇത് ഉപയോഗിക്കേണ്ടത്. 110 ഭാഷകൾ ഇതിൽ ലഭ്യമാണ്. വിൻഡോസ്, മാക്, ലിനക്സ്, ആൻഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭിക്കും. ഒഡിഎഫ് എന്ന പേരിൽ ഇതിന് പ്രത്യേകം ഫയൽ ഫോർമാറ്റുണ്ടെങ്കിലും എല്ലാ മൈക്രോസോഫ്റ്റ് ഫോർമാറ്റുകളും ഇത് പിന്തുണയ്‍ക്കും.
ഡ്രോപ്പ് ബോക്സ് പേപ്പർ
മൈക്രോസോഫ്റ്റ് ഓഫീസിന് പകരമായി അത്ര പ്രചാരമില്ലാത്ത സേവനമാണിത്. ഡ്രോപ്പ് ബോക്സുമായി ബന്ധിപ്പിച്ചുള്ള ഡ്രോപ്പ്ബോക്സ് പേപ്പർ എന്ന ക്ലൗഡ് അധിഷ്ടിത സേവനം. ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നിവയ്‍ക്ക് സമാനമാണ്. മൈക്രോസോഫ്റ്റ് ഓഫീസിന് അനുയോജ്യമായ ഫോർമാറ്റുകളിലേക്ക് ഫയലുകൾ മാറ്റാൻ ഇതിൽ സാധിക്കും.
സോഹോ ഡോക്സ്
ഗൂഗിൾ വർക്ക് സ്പേസിന് സമാനമായ മറ്റൊരു സേവനമാണിത്. മൈക്രോസോഫ്റ്റ് ഓഫീസിന് നല്ലൊരു പകരം സംവിധാനം. ഈ ക്ലൗഡ് അധിഷ്ടിതമായ സേവനം റൈറ്റർ, ഷീറ്റ്, ഷോ എന്നിങ്ങനെ വേഡ്, എക്സൽ, പവർപോയിന്റ് സേവനങ്ങൾക്ക് പകരമായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ഓഫീസ് ഫയൽ ഫോർമാറ്റുകളും പിഡിഎഫും ഇത് പിന്തുണയ്‍ക്കും. ഓൺലൈൻ ആയി ഡോക്യുമെന്റ് എഡിറ്റ് ചെയ്‌യാനും ഇമെയിൽ വഴി ഷെയർ ചെയ്‌യാനും സാധിക്കും. അഞ്ച് ജിബി ക്ലൗഡ് സ്റ്റോറേജും ഇത് നൽകുന്നുണ്ട്.
ഫ്രീ ഓഫീസ്
ഫ്രീ ഓഫീസ് പേരുപോലെ സൗജന്യമായി ഉപയോഗിക്കാവുന്ന സേവനമാണ്. വിൻഡോസ്, മാക്, ലിനക്സ്, ആൻഡ്രോയിഡ് എന്നിവയിൽ ഇത് ഉപയോഗിക്കാം. എല്ലാവിധ ഓഫീസ് ഫോർമാറ്റുകളും ഇത് പിന്തുണയ്‍ക്കും. മികച്ച രൂപകൽപനയാണിതിന്. ടച്ച് സ്ക്രീൻ ഉപകരണങ്ങൾക്ക് അുയോജ്യമായ പ്രത്യേക മോഡും ഇതിനുണ്ട്.
Content Highlights: microsoft office free alternatives word powerpoint excel