പൊതുനിരത്തിൽ അനാവശ്യമായി ഹോൺ മുഴക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനാണ് ട്രാൻപോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ‘ഓപ്പറേഷൻ ഡെസിബൽ’ നടത്തിയത്. പിടികൂടിയ വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ഘടിപ്പിച്ച അനധികൃത ഹോണുകൾ അഴിച്ചുമാറ്റുകയും ചെയ്തു. സ്കൂൾ പരിസരം, ആശുപത്രി – കോടതി പരിസരങ്ങൾ എന്നിവടങ്ങളിൽ ഉയർന്ന തോതിൽ ശബ്ദമുണ്ടാക്കുന്നത് കർശനമായി തടയുമെന്ന് എൻഫോഴ്സ്‌മെൻ്റ് ആർടിഒ എ കെ ദിലു വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
‘ഓപ്പറേഷൻ ഡെസിബെൽ’ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ട്. വാഹനങ്ങളിൽ അനുവദനീയമായ ഹോണുകൾ നീക്കം ചെയ്ത് ശബ്ദം കൂടിയ തോതിലുള്ള ഹോണുകൾ വാഹനങ്ങളിൽ പിടിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് ‘ഓപ്പറേഷൻ ഡെസിബെൽ’ എന്ന പേരിൽ പരിശോധന നടത്താൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്.
സംശയം തോന്നുന്ന വാഹനങ്ങൾ പരിശോധിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. വാഹനങ്ങൾ പരിശോധിക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിലാകും പരിശോധന നടത്തുക. ഉയർന്ന ശബ്ദത്തിലുള്ള ഹോൺ ഘടിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്തിയാൽ 2000 രൂപയാണ് പിഴയായി ഈടാക്കുക. വാഹനങ്ങളിൽ ഉയർന്ന ശബ്ദത്തിലുള്ള ഹോൺ ഘടിപ്പിക്കുന്നത് മൂലം മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായുള്ള പരാതി വ്യാപകമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോർവാഹന വകുപ്പിനടക്കം നിരവധി പരാതികളാണ് ലഭിച്ചത്.
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഹോണുകൾ ഉപയോഗിക്കുന്നുവെന്ന കൂടുതൽ പരാതികൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. എയർ ഹോണുകൾ, നിരോധിത ബഹുശബ്ദ ഹോണുകൾ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ വ്യാപകമായി പരാതി ഉയർന്നതോടെ ‘നോയ്സ് ഫ്രീ’ എന്ന പേരിൽ പരിശോധന നടത്തിയിരുന്നു.