അറിയപ്പെടുന്ന റഷ്യൻ ആയുധനിർമാണ കമ്പനിയായ കലാഷ്നികോവിനെതിരെ തോക്കിന്റെ ഡിസൈൻ കോപ്പിയടിച്ചുവെന്നാരോപിച്ച് പരാതി. ഒഷ്യാനിക് എന്ന ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിമിന്റെ നിർമാതാക്കളായ വാർഡ് ബിയാണ് കമ്പനിയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. തങ്ങളുടെ ഗെയിമിന് വേണ്ടി തയ്‌യാറാക്കിയ ഓഷ്യാനിക് മസ്റ്റോഡൺ തോക്കിന്റെ രൂപകൽപന അനുവാദമില്ലാതെ കലാഷ്നികോവ് പകർത്തുകയും തോക്ക് നിർമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
കലാഷ്കിനോവിന്റെ എംപി 155 അൾടിമ എന്ന തോക്കാണ് പരാതിക്കിടയാക്കിയത്. വീഡിയോ ഗെയിമുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിർമിച്ച തോക്കാണിതെന്ന് കലാഷ്നികോവ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ വാർഡ് ബിയുടെ പേര് എവിടെയും പരാമർശിച്ചില്ല.
കാഴ്ചയിൽ എംപി 155 തോക്കും വാർഡ് ബിയുടെ ഓഷ്യാനിക് മസ്റ്റോഡണും തമ്മിൽ കാര്യമായ സാമ്യത തോന്നില്ലെങ്കിലും ഈ രണ്ട് ആയുധങ്ങളും തമ്മിൽ ചില സവിശേഷ സാമ്യതകളുണ്ടെന്ന് വാർഡ് ബി പറയുന്നു.
അതേസമയം ആയുധത്തിന്റെ ഡിസൈനുകൾക്ക് മേൽ കമ്പനികൾക്ക് വ്യക്തമായ ഉടമസ്ഥാവകാശം വ്യക്തമാക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് കമ്പനികൾ തമ്മിൽ കരാറുണ്ടാക്കാൻ സാധിക്കാതിരുന്നത് എന്ന് കലാഷ്നികോവ് പറഞ്ഞു.
കലാഷ്നികോവ് തങ്ങളുടെ ഡിസൈൻ പകർത്തുക മാത്രമല്ല അതിന്റെ ഡിസൈൻ ലൈസൻസ് മറ്റൊരു വീഡിയോ ഗെയിം കമ്പനിയ്‍ക്ക് നൽകുകയും ചെയ്തുവെന്നും വാർഡ് ബി പറയുന്നു.
തോക്കിന്റെ ഡിസൈനിന് വേണ്ടി കലാഷ്നികോവ് വാർഡ് ബിയെ സമീപിച്ചിരുന്നു. വീഡിയോ ഗെയിം ഡെവലപ്പർമാർക്ക് മുഴുവൻ ക്രെഡിറ്റും നൽകി മസ്റ്റോഡൺ ഡിസൈൻ യഥാർത്ഥ തോക്കിന് വേണ്ടി ഉപയോഗിക്കുന്നതിൽ അവർക്ക് സമ്മതമായിരുന്നു. പൂർത്തിയാക്കിയ മൂന്ന് ഉൽപ്പന്നങ്ങൾക്ക് സ്റ്റുഡിയോയിലേക്ക് അയക്കുമെന്നും കലാഷ്നികോവ് പറഞ്ഞിരുന്നു. എന്നാൽ കലാഷ്നികോവ് കരാർ കാണിച്ചില്ല, ക്രമേണ അവരുമായുള്ള ആശയവിനിമയം നിലച്ചു. പിന്നീട് പുതിയ വെപ്പൺ കിറ്റ് കണ്ടപ്പോഴാണ് മസ്റ്റോഡണുമായുള്ള സാമ്യതകൾ കണ്ടെത്തിയത്. എന്ന് വാർഡ് ബി സഇഒ മേധാവി മർസെലിനോ സോസേഡ പറഞ്ഞു.
Content Highlights: Kalashnikov Accused of Stealing Shotgun Designs From This Video Game