അമേരിക്കൻ ചരിത്രത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും. തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ നമ്മൾ ഇത് സാധിച്ചെടുത്തു! ( We did it) എന്ന് പറഞ്ഞുകൊണ്ട് കമല ഫോൺ ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഫോണിലാണ് സംസാരിക്കുന്നത് എങ്കിലും ഒരു വയേർഡ് ഹെഡ്സെറ്റാണ് കമലാ ഹാരിസ് അന്ന് ഉപയോഗിച്ചിരുന്നത്. അങ്ങനെ പല സാഹചര്യങ്ങളിലും കമല ഹാരിസ് വയേർഡ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു.
ഇത് മനപ്പൂർവമാണെന്നാണ് വിവരം. കമലാ ഹാരിസ് ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ വേണ്ടെന്നുവെച്ചതാണ്. എന്താണ് അതിന് കാരണം. സാങ്കേതിക വിദ്യയെ കുറിച്ചും സുരക്ഷയെ കുറിച്ചും കമല ഏറെ ശ്രദ്ധാലുനാണെന്നാണ് മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ പറയുന്നത്.
ബ്ലൂടൂത്ത് കണക്ഷനുകൾ ഹാക്ക് ചെയ്‌യാൻ സാധിക്കുമെന്ന് സിനെറ്റ് നൽകിയ ഒരു റിപ്പോർട്ടിൽ സൈബർ സുരക്ഷാ വിദഗ്ദർ പറയുന്നത്. സൈബർ കുറ്റവാളികൾക്ക് ബ്ലൂടൂത്ത് കണക്ഷൻ ഹാക്ക് ചെയ്‌യാൻ സാധിക്കുമെന്നും ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടരമായ കോഡുകൾ ഇൻസ്റ്റാൾ ചെയ്‌യാനും സംഭാഷണങ്ങൾ കേൾക്കാനും സാധിക്കും.
കമലാ ഹാരിസ് ബുദ്ധിമതിയാണെന്നും അപകടങ്ങളെ കുറിച്ച് അവർക്ക് അറിയാമെന്നും സിറ്റിസൻ ലാബ്സിലെ സീനിയർ റിസർച്ചറായ ജോൺ സ്കോട്ട് റെയ്ൽടൺ ഒരു ട്വീറ്റിൽ പറഞ്ഞു.
ബ്ലൂടൂത്ത് ഓഫ് ചെയ്‌യുന്നതിലൂടെ കമല ഒരുപാട് അപകട സാധ്യതകൾ കുറയ്‍ക്കുകയാണ്. ക്ലോസ് ആക്സസ് അറ്റാക്കുകൾ, ബ്ലൂടൂത്ത് ട്രാക്കിങ് പോലുള്ളവ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ ഭീഷണികൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സൈബർ സുരക്ഷാ മാർഗ നിർദേശങ്ങൾ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി ഈ വർഷം ജൂലായിൽ പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ചെറിയ അകലത്തിലുള്ള ഉപകരണങ്ങൾ തമ്മിൽ വയർലെസ് ആയി വിവരങ്ങൾ കൈമാറുന്നു. സ്വകാര്യ ഉപയോഗത്തിന് ഈ സൗകര്യം ഏറെ സൗകര്യപ്രദമാണ്. എന്നാൽ പൊതുവിടങ്ങളിൽ ബ്ലൂടൂത്ത് ഫീച്ചർ ഉപയോഗിക്കുന്നത് സൈബർ സുരക്ഷാ ഭീഷണി ഉയർത്തും. സജീവമായ ബ്ലൂടൂത്ത് സിഗ്നലുകൾ സ്കാൻ ചെയ്‌യാൻ സൈബർ കുറ്റവാളികൾക്ക് സാധിക്കും. അതുവഴി ലക്ഷ്യം വെക്കുന്ന ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് അവർക്ക് പ്രവേശനം ലഭിച്ചേക്കും, എൻഎസ്എ പറയുന്നു.
പാസ് വേഡുകളും അത്തരം സുപ്രധാനമായ വിവരങ്ങളും കൈമാറുന്നതിന് ബ്ലൂടൂത്ത് ഉപയോഗിക്കരുതെന്ന് എൻഎസ്എ പറയുന്നു.
താൻ വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതുകൊണ്ടായിരിക്കണം കമല ഹാരിസ് ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ വേണ്ടെന്ന് വെച്ചത്.
Content Highlights: Kamala Harris and bluetooth headphones, hacking, Cyber security