2021-ലെ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പുറത്തുവിട്ട് ഗൂഗിൾ. 2021-ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കാര്യങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. വാർത്ത, കായികം, വിനോദം ഉൾപ്പടെയുള്ള മേഖലകളിൽ ഇന്ത്യയിലുള്ളവർ ഈ വർഷം മുഴുവൻ തിരഞ്ഞ കാര്യങ്ങളും ഗൂഗിൾ .
ഇന്ത്യക്കാരുടെ കായികരംഗത്തോടുള്ള പ്രിയം വെളിപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ്, ഐസിസി ടി20 വേൾഡ് കപ്പ് എന്നിവ സെർച്ചിൽ മുന്നിലെത്തി. യൂറോ കപ്പ്, കോപ്പ അമേരിക്ക, ടോക്യോ ഒളിംപിക്സ് എന്നിവയും ഏറ്റവും അധികം പേർ തിരഞ്ഞ വാക്കുകളാണ്
ഇന്ത്യയിൽ വാക്സിനേഷൻ ആംരഭിച്ചതോടെ കോവിൻ, കോവിഡ് വാക്സിൻ എന്നീ വാക്കുകളും ആളുകൾ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങളായി. കോവിൻ വെബ്സൈറ്റിലൂടെയാണ് വാക്സിനേഷൻ ബുക്കിങ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നത്.
ബാറ്റിൽ റോയേൽ ഗെയിമായ ഫ്രീഫയർ (Freefire) ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ മറ്റൊരു വാക്കാണ്.
ഏറ്റവും അധികം ആളുകൾ തിരഞ്ഞ വ്യക്തികളിൽ മുന്നിൽ ടോക്യോ ഒളിംപിക്സിൽ ആദ്യ വ്യക്തിഗത സ്വർണം നേടിയ നീരജ് ചോപ്രയാണ്. തൊട്ടുപിന്നിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാന്റെ പേരാണ്. ടെസ്ല മേധാവി ഇലോൺ മസ്കിന്റെ പേരിനും ഇന്ത്യക്കാർക്കിടിയിൽ ജനപ്രീതിയുണ്ട്. ഷെഹനാസ് ഗിൽ, രാജ് കുന്ദ്ര, വിക്കി കൗശൽ എന്നിവരുടെ പേരും ഗൂഗിൾ ഏറ്റവും അധികം ആളുകൾ തിരഞ്ഞു.
അടുത്തുള്ള സേവനങ്ങളും സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം തിരയുന്ന നിയർ മി സെർച്ചിൽ കോവിഡ് വാക്സിൻ, കോവിഡ് ടെസ്റ്റ്, കോവിഡ് ഹോസ്പിറ്റൽ എന്നിവ മുന്നിലെത്തി. ഓക്സിജൻ സിലിണ്ടറുകൾ, സിടി സ്കാൻ എന്നിവയും ആളുകൾ കൂടുതൽ തിരഞ്ഞു. ഫുഡ് ഡെലിവറി, ടിഫിൻ സർവീസസ്, ടേക്ക് ഔട്ട് റസ്റ്റോറന്റ് എന്നിവയും നിയർ മി സെർച്ചിൽ കൂടുതൽ ആളുകൾ തിരഞ്ഞ കാര്യങ്ങളാണ്.
ഏറ്റവും അധികം ആളുകൾ തിരഞ്ഞ സിനിമകളുടെ പട്ടികയിൽ തമിഴ് ചലച്ചിത്രം ജയ് ഭീം മുന്നിലെത്തി. ഷേർഷാ, രാധേ, ബെൽ ബോട്ടം എന്നീ ഹിന്ദി സിനിമകളാണ് പിന്നിലുള്ളത്. മലയാളം-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങിയ ദൃശ്യം രണ്ടും സെർച്ചിൽ ഇടം പിടിച്ചു. ഗോഡ്സില്ല വേഴ്സസ് കോങ്, എറ്റേണൽസ് എന്നീ ഹോളീവുഡ് സിനിമകളും ഏറ്റവും അധികം പേർ തിരഞ്ഞെ സിനിമകളുടെ പട്ടികയിൽ മുന്നിലുണ്ട്.
ഏറ്റവും അധികം പേർ തിരഞ്ഞ റെസിപ്പികളിൽ മുന്നിലുള്ളത് ഇനോകി മഷ്റൂമിന്റെ (Enoki Mushroom) വിവിധ റെസിപ്പികളാണ്. പോൺസ്റ്റാർ മാർറ്റിനി എന്ന കോക്ക്ടെയ്ൽ, ലസാഗ്ന (Lasagna), മോദകം (Modak), കുക്കീസ് (Cookies), മേത്തി മട്ടർ മലായ് (Meti Matar Malai), പാലക് (Palak), കാഡ(Kada) എന്നിവയും ഇന്ത്യക്കാർ തിരഞ്ഞു.
ടോക്യോ ഒളിംപിക്സ്, ബ്ലാക്ക്ഫംഗസ്, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ബംഗാൾ ഇലക്ഷൻസ് എന്നിവയെ കുറിച്ചുള്ള വാർത്തകളാണ് ആളുകൾ ഏറ്റവും അധികം തിരഞ്ഞത്. കോവിഡ് വാക്സിന് വേണ്ടി എങ്ങനെ രജിസ്റ്റർ ചെയ്യാം, വാക്സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം, ഓക്സിജൻ ലെവൽ എങ്ങനെ കൂട്ടാം, എന്നിവ ഹൗ റ്റു (How to) സെർച്ചിൽ മുന്നിലെത്തി.
അത് പോലെ എന്താണ് ബ്ലാക്ക് ഫംഗസ്, എന്താണ് താലിബാൻ, എന്താണ് റെമെഡെസിവിർ, നൂറിന്റെ ക്രമഗുണിതം അഥവാ ഫാക്ടോറിയൽ എന്ത് തുടങ്ങിയ ചോദ്യങ്ങൾ വാട്ട് ഈസ് (What is) വിഭാഗത്തിൽ മുന്നിലെത്തി.
Content Highlights: google Year in Search 2021 india