ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ സ്പർധയ്‍ക്കും സംഘർഷങ്ങൾക്കും കലാപങ്ങൾക്കും ഫെയ്സ്ബുക്ക് കാരണമായിട്ടുണ്ടെന്ന് അടുത്തിടെ വിസിൽ ബ്ലോവർ ഫ്രാൻസിസ് ഹൂഗൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് അടിവരയിടുകയാണ് വാർത്താ ഏജൻസിയായ ഐഎൻഎസ് നടത്തിയ ഒരു സർവേ റിപ്പോർട്ട്.
ഇന്ത്യയിൽ ഹിന്ദു മുസ്ലീം വൈരം വളരുന്നതിൽ സാമൂഹിക മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് ഐഎഎൻഎസ് പറയുന്നത്. 1942 പേർക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 48.2 ശതമാനം പേരും മതവിഭാഗങ്ങൾ തമ്മിലുള്ള അകലം വർധിക്കുന്നതിൽ സോഷ്യൽ മീഡിയയ്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ മതവിഭാഗങ്ങൾ തമ്മിലുള്ള അകലമുണ്ടാക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾക്ക് ഒരു പരിധി വരെ മാത്രമേ പങ്കുള്ളൂ എന്ന് 23 ശതമാനം പേർ അഭിപ്രായപ്പെട്ടു.
ഇരുവിഭാഗങ്ങളും തമ്മിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ സോഷ്യൽ മീഡിയ ഉത്തരവാദിയാണെന്ന് 71 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന് വിപരീതമായി 28.6 ശതമാനം പേർ പറഞ്ഞത് ഈ പ്രശ്നങ്ങളിൽ സോഷ്യൽ മീഡിയയ്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ്.
ഇന്ത്യയിൽ ഏറ്റവും അധികം ഉപഭോക്താക്കളുള്ള സോഷ്യൽ മീഡിയാ സേവനമാണ് ഫെയ്സ്ബുക്ക്. ഇന്ത്യയിൽ ആർഎസ്എസ് അനുകൂലികളും ഗ്രൂപ്പുകളും പേജുകളും ഭീതി പരത്തുന്നതും മുസ്ലീം വിരുദ്ധവുമായ പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്നതിനെ കുറിച്ച് ബോധ്യമുണ്ടായിട്ടും ഇന്ത്യയിൽ ഫെയ്സ്ബുക്കിന് നടപടികളൊന്നും സ്വീകരിക്കാൻ സാധിച്ചില്ലെന്ന് മുൻ ജീവനക്കാരി ഫ്രാൻസിസ് ഹൗഗന്റെ വെളിപ്പെടുത്തിയിരുന്നു.
ഇസ്ലാം, ക്രിസ്ത്യൻ യാഥാസ്ഥിതിക വാദികളും ജാതി വിഭാഗങ്ങളുമെല്ലാം പരസ്പരം സ്പർധ വളർത്തും വിധത്തിലുള്ള ഇടപെടൽ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്നുണ്ട്.
വർഗീയ പോസ്റ്റുകളും, കമന്റുകളും യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഏറെ നാൾ മുമ്പത്തെ സാഹചര്യമാണ് ഫ്രാൻസിസ് ഹൂഗൻ പറഞ്ഞത്. എന്നാൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ഭാഷാ വൈവിദ്യങ്ങൾക്കിടയിൽ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സാങ്കേതിക കഴിവ് ഫേയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളൊന്നും ഇനിയും കൈവരിച്ചിട്ടില്ല.
വ്യാജവാർത്ത, വിദ്വേഷ പ്രചാരണം, തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ എന്നിവയുടെ പേരിൽ ഇന്റർനെറ്റ് സേവനങ്ങളെല്ലാം തന്നെ ആഗോള തലത്തിൽ വിചാരണ നേരിടുകയാണ്.
ഇക്കാരണം കൊണ്ടുതന്നെ പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ അധികാരികൾ സ്വീകരിക്കുന്ന ആദ്യ മുൻകരുതൽ നടപടി സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതാണ്.
സാമൂഹിക മാധ്യമങ്ങളെ പ്രസാധകർ എന്ന നിലയിൽ പരിഗണിക്കണെന്നും ഇവരെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയെ പോലുള്ള ഒരു റെഗുലേറ്ററി സംവിധാനം വേണമെന്നുമാണ് അടുത്തിടെ ഒരു പാർലമെന്ററി കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഉപഭോക്താക്കൾ നിർമിക്കുന്ന ഉള്ളടക്കങ്ങളിൽ കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നതിന് വേണ്ടിയാണിത്.
ആഗോളതലത്തിൽ ഇതേ വിമർശനം സാമൂഹിക മാധ്യമങ്ങൾ നേരിടുന്നുണ്ട്. മ്യാൻമറിൽ തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കാരണമായെന്ന് കാണിച്ച് റോഹിംഗ്യൻ മുസ്ലീങ്ങൾ ഫെയ്സ്ബുക്കിനെതിരെ കേസ് നൽകിയിരിക്കുകയാണ്. അമേരിക്കയിലെ വാഷിങ്ടണിൽ യുഎസ് കാപ്പിറ്റോളിൽ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമങ്ങൾക്കും വഴിവെച്ചതും ട്രംപിന്റേതുൾപ്പടെയുള്ള സാമൂഹിക മാധ്യമ പോസ്റ്റുകളാണെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: Social media fanning fires between Hindu and Muslim communities