നാസയുടെ ഭാവി പദ്ധതികൾക്കായുള്ള പുതിയ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചു. 12,000 അപേക്ഷകരിൽ നിന്ന് പത്ത് പേരെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യൻ വംശജനായ കൃത്യമായി പറഞ്ഞാൽ പാതി മലയാളിയായ അനിൽ മനോൻ ഈ പത്തംഗ സംഘത്തിൽ ഒരാളാണ്. അടുത്തവർഷം ജനുവരിയിലാണ് അദ്ദേഹം ഡ്യൂട്ടിയിൽ റിപ്പോർട്ട് ചെയ്‌യുക. ഇദ്ദേഹത്തിന് രണ്ട് വർഷത്തെ പരിശീലനമുണ്ടാകും.
മലയാളിയായ ശങ്കരൻ മേനോന്റേയും ഉക്രെയ്ൻ കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ അനിൽ മേനോൻ. നേരത്തെ സ്പേസ് എക്സിന്റെ ഡെമോ-2 മിഷന്റെ ഭാഗമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു. അതിന് മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണ ദൗത്യങ്ങളിൽ നാസയ്‍ക്ക് വേണ്ടിയും പ്രവർത്തിച്ചിരുന്നു.
എമർജൻസി മെഡിസിൻ വിഭാഗം ഡോക്‍ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. 201 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയർഷോ അപകടം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തന സംഘത്തിൽ ഇദ്ദേഹമുണ്ടായിരുന്നു. അമേരിക്കൻ വ്യോമസേനയുടെ ഭാഗമായി ലെഫ്റ്റനന്റ് കേണൽ മേനോൻ 45-ാമത്തെ സ്പേസ് വിങിൽ ഫ്ളൈറ്റ് സർജൻ എന്ന നിലിയിൽ പിന്തുണ നൽകുകയും 173-ആം ഫൈറ്റർ വിംഗിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
സ്പേസ് എക്സിൽ ജോലി ചെയ്‌യുന്ന അന്നാ മേനോൻ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. 1995 ൽ മിനെസോട്ടയിലെ സമ്മിറ്റ് സ്കൂളിൽ നിന്നും സെന്റ് പോൾ അക്കാദമിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോളജിയിൽ ബിരുദം നേടി. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദവും 2006 ൽ സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഡോക്‍ടർ ഓഫ് മെഡിസിൻ, 2009 ൽ സ്റ്റാർഫോർഡ് സർവകലാശാലയിൽ നിന്ന് എമർജൻസി മെഡിസിൽ എന്നിവയിലും യോഗ്യതനേടി. വൈൽഡെർനെസ് മെഡിസിൻ, എയറോസ്പേസ് മെഡിസിൻ, പബ്ലിക് ഹെൽത്ത് തുടങ്ങിയവയിലും ബിരുദമുണ്ട്.
ഹാർവാർഡിൽ ന്യൂറോബയോളജി പഠിക്കുകയും ഹണ്ടിംഗ്ടൺസ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പോളിയോ വാക്സിനേഷൻ പഠിക്കുന്നതിനും പിന്തുണയ്‍ക്കുന്നതിനുമായി അദ്ദേഹം ഇന്ത്യയിലും ഒരു വർഷം ചെലവഴിച്ചിട്ടുണ്ട്.
Content Highlights: Indian-origin Anil Menon among NASA’s 10 new astronaut recruits