യന്ത്രമനുഷ്യന് യഥാർത്ഥ മനുഷ്യന് സമാനമായ ശരീര പ്രകൃതി നൽകാനുള്ള ശ്രമത്തിലാണ് റോബോട്ടിക് ഗവേഷണ രംഗം. മനുഷ്യനെ പോലെ ചിന്തിക്കുന്ന, മനുഷ്യനെ പോലെ മുഖഭാവങ്ങൾ പ്രകടിപ്പിക്കുന്ന, സ്പർശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന, മനുഷ്യ സമാനമായ ചർമമുള്ള അങ്ങനെ പലവിധത്തിൽ യന്ത്ര മനുഷ്യനെ പരിഷ്കരിക്കാൻ ഗവേഷകലോകം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തെ സോഫിയ എന്ന ഹ്യൂമനോയ്‌ഡ് റോബോട്ട് പൊതുവേദിയിൽ പ്രസംഗിക്കുന്നതും ആളുകളോട് തമാശപറഞ്ഞ് ചിരിക്കുന്നതും മുഖഭാവങ്ങൾ കാണിക്കുന്നതുമെല്ലാം നമ്മൾ കണ്ടിരുന്നു. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഈ രംഗത്ത് ഏറെ മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് യുകെയിലെ എഞ്ചിനീയേർഡ് ആർട്സ് എന്ന റോബോടിക്സ് സ്ഥാപനം.
എഞ്ചിനീയേർഡ് ആർട്സ് യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. അമേക (Ameca) എന്ന ഹ്യൂമനോയ്‌ഡ് റോബോട്ടിന്റെ വീഡിയോയാണിത്. മനുഷ്യ സമാനമായ മുഖഭാവങ്ങൾ കുറച്ചുകൂടി തന്മയത്വത്തോടെ പ്രകടിപ്പിക്കുകയാണ് അമേക.
മയക്കമുണരുന്നതും, ചുറ്റുപാടും നോക്കി അമ്പരക്കുന്നതും, ആശയക്കുഴപ്പവും, പുഞ്ചിരിയുമെല്ലാം മനുഷ്യമുഖഭാവങ്ങൾക്ക് സമാനമായി അമേകയുടെ മുഖത്ത് മിന്നിമായുന്നത് വീഡിയോയിൽ കാണാം.
നിലവിൽ ഒരു റോബോട്ടുകൾക്ക് മനുഷ്യ സമാനമായ ശരീരസ്വഭാവങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണ ഗവേഷണങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് അമേക. ഇതിന് നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളൊന്നും ചെയ്‌യാനോ നടക്കാനോ സാധിക്കില്ല. എന്നാൽ ഒരിക്കൽ സഞ്ചരിക്കാനുള്ള കഴിവ് ഇതിന് നൽകും. എഞ്ചിനീയേർഡ് ആർട്സ് പറഞ്ഞു.
യന്ത്രമുഖങ്ങൾക്ക് മനുഷ്യന്റേതിന് തുല്യമായ ഭാവങ്ങൾ നൽകുന്നതിൽ എഞ്ചിനീയേർഡ് ആർട്സ് ഏറെ മുന്നേറിയിട്ടുണ്ട്. അമേകയെ കൂടാതെ ഇവർ നിർമിച്ച മറ്റൊരു റിയലിസ്റ്റിക് ബോട്ട് ആയ മെസ്മർ അതിന്റെ മികച്ചൊരു ഉദാഹരണമാണ്.
യഥാർത്ഥ മനുഷ്യരുടെ മുഖഭാവങ്ങൾ ത്രിഡി സ്കാൻ ചെയ്ത് പകർത്തിയെടുത്താണ് അതനുസരിച്ചുള്ള കൃത്യമായ അസ്ഥിഘടനയും ചർമഘടനയും മുഖഭാവങ്ങളും യന്ത്രങ്ങൾക്ക് നൽകുന്നത്. അമേകയേക്കാൾ ഏറെ മികച്ച രീതിയിലാണ് മെസ്മെറിന്റെ മുഖഭാവങ്ങൾ. ഇതിന് നൽകിയിരിക്കുന്ന ചർമത്തിന് മനുഷ്യന്റേതിന് തുല്യമായ നിറമാണ് നൽകിയിരിക്കുന്നത്.
വിനോദത്തിന് വേണ്ടിയുള്ള ഹ്യൂമനോയ്‌ഡ് റോബോട്ടുകൾ നിർമിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സ്ഥാപനമാണ് എൻജിനീയേർഡ് ആർട്സ്. എന്നാൽ മറ്റ് ആവശ്യങ്ങൾക്കായി നിർമിച്ചെടുക്കുന്ന റോബോട്ടുകൾക്ക് മനുഷ്യസമാനമായ മുഖഭാവങ്ങൾ നൽകുന്നതിന് ഈ മുന്നേറ്റം ഏറെ സഹായകമായേക്കും.
Content Highlights: A humanoid robot makes lifelike facial expressions, Ameca Robot , Mesmer Robot