നേതൃത്വ തലത്തിൽ പുനഃസംഘടനയ്‍ക്ക് ഒരുങ്ങി ട്വിറ്റർ. പുതിയ സി.ഇ.ഒ ആയി പരാഗ് അഗ്രവാൾ ചുമതലയേറ്റതോടെയാണ് ട്വിറ്റർ മാറ്റത്തിനൊരുങ്ങുന്നത്. ഇതോടെ നേതൃത്വ നിരയിലും സമൂലമായ മാറ്റങ്ങളുണ്ടാകും. കഴിഞ്ഞയാഴ്ചയാണ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ജാക്ക് ഡോഴ്സി സ്ഥാനമൊഴിഞ്ഞ് പരാഗ് സ്ഥാനം ഏറ്റെടുത്തത്. നേതൃത്വ നിരയിലുള്ള എൻജിയിനറിങ് ലീഡായ മൈക്കൽ മൊന്റനോ, ഡിസൈൻ റിസർച്ച് ലീഡായ ഡാന്റലി ഡേവിസ് എന്നിവർ ഈ വർഷം അവസാനത്തോടെ സ്ഥാനമൊഴിയുമെങ്കിലും അടുത്ത വർഷം വരെ കമ്പനിയുടെ ഉപദേശകരായി തുടരും.
മൊന്റാനോ 2011 മുതൽ കമ്പനിയിൽ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും ഡേവിസ് 2019 ലാണ് ചുമതലയേറ്റത്. ട്വിറ്ററിന്റെ സംഘടന മാതൃകയിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ലീഡർ ഷിപ്പ് ടീം എന്ന തത്വാധിഷ്ഠിതമായി പ്രവർത്തിച്ചിരുന്ന ട്വിറ്റർ ഇനി മുതൽ ജനറൽ മാനേജർ എന്ന് തത്വത്തിലൂന്നിയാകും പ്രവർത്തിക്കുക.
മൊന്റാനോയ്‍ക്കും ഡേവിസിനുമൊപ്പം ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായ ലിൻഡ്സിയും ടീമിനൊപ്പം ചേരും. കമ്പനിയുടെ ലക്ഷ്യങ്ങൾ നിറവേറ്റാനായി പ്രവർത്തന മികവ് മെച്ചപ്പെടുത്തുകയാണ് പരാഗിന്റെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. ഒരു സംഘത്തെ നിയന്ത്രിക്കാൻ കുറേയാളുകൾ എന്നതിൽ നിന്ന് ഒരു സംഘത്തെ നിയന്ത്രിക്കാൻ ഒരാളെന്ന ജനറൽ മാനേജർ മാതൃകയിലായിരിക്കും ഇനി ട്വിറ്റർ പ്രവർത്തിക്കുക.
ഡിസംബർ മൂന്നിനാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ പരാഗ് അഗ്രവാൾ നേതൃത്വ തലത്തിൽ പുനഃസംഘടനയുണ്ടാവുമെന്ന് അറിയിച്ചത്. ഉപഭോക്താവ്, വരുമാനം, സാങ്കേതികവിദ്യ എന്നീ മൂന്ന് മേഖലകളിൽ ജനറൽ മാനേജർമാരായി കാവിയോൺ ബെയ്‍ക്ക്പുർ, ബ്രൂസ് ഫാൽക്, നിക്ക് കാൾഡ് വെൽ എന്നിവർ ചുമതലേയൽക്കുമെന്നും അദ്ദേഹം അറിയിച്ചു. പുനഃസംഘടനയിൽ പരാഗിനെ സഹായിക്കുവാൻ വേണ്ടിയാണ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായ ലിൻഡ്സി ചീഫ് ഓഫ് സ്റ്റാഫായി ടീമിനൊപ്പം ചേരുന്നത്.
Content Highlights: Twitter C.E.O Parag Agarwal announce reorganistation of the top executives