സ്മാർട്ട് വാച്ച് വിപണിയിലേക്ക് ആഗോള സാങ്കേതിക വിദ്യാ ഭീമനായ ഗൂഗിളും ചുവട് വെയ്‍ക്കുന്നു. ഗൂഗിൾ പിക്സലിന്റെ സ്മാർട്ട് വാച്ച് അടുത്ത വർഷത്തോടെ വിപണയിലെത്തിയേക്കുമെന്നാണ് സൂചന. ഈ വർഷം അവതരിപ്പിക്കപ്പെട്ട ഗൂഗിൾ പിക്സൽ 6 സ്മാർട്ട്ഫോണിനൊപ്പം ഒക്‍ടോബറിൽ വാച്ച് വിപണിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല.
ഗൂഗിൾ പിക്സലിന്റെ ഹാർഡ് വെയർ സംഘം വാച്ചിന്റെ പണിപ്പുരയിലാണ്. ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് സോഫ്ട്വെയർ അധിഷ്ഠിതമായിട്ടാണ് ആദ്യ സ്മാർട്ട് വാച്ച് പ്രവർത്തിക്കുക. ആൻഡ്രോയിഡിന്റെ എല്ലാ സവിശേഷതകളോടെയും വരുന്ന വാച്ച് ആപ്പിൾ വാച്ചിന് വെല്ലുവിളിയാകുമെന്ന് കണക്കാക്കപ്പെടുന്നു.
ആപ്പിൾ വാച്ചിന്റേതിന് സമാനമായ റൗണ്ട് ഡിസൈനിലായിരിക്കും ഗൂഗിളിന്റെ സ്മാർട്ട് വാച്ചും പുറത്തിറങ്ങുക. സ്മാർട്ട് വാച്ചിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ ഒഴികെയുള്ള ജീവനക്കാരോട് വാച്ച് ഉപയോഗിച്ച ശേഷം പ്രതികരണമറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രതികരണങ്ങൾ ലഭിക്കുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാകും സ്മാർട്ട് വാച്ച് പുറത്തിറങ്ങുക. നവംബറിൽ ലഭിച്ച ജീവനക്കാരുടെ പ്രതികരണങ്ങൾ റെക്കോഡ് ചെയ്‌യപ്പെട്ടിട്ടുണ്ട്.
സ്മാർട്ട് വാച്ചിലൂടെ ആരോഗ്യവും ഫിറ്റ്നെസ് അളവുകളും നിരീക്ഷിക്കാൻ കഴിയും.അവസാനഘട്ട പരീക്ഷണങ്ങൾ വിജയകരമായാൽ അടുത്ത വർഷത്തോടെ സ്മാർട്ട് വാച്ച് വിപണിയിലെത്തുമെന്ന് ഗൂഗിളിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ ചാർജ് ചെയ്തുപയോഗിക്കാവുന്ന സ്മാർട്ട് വാച്ചിന്റെ ചാർജ് ഒരു ദിവസം മാത്രമായിരിക്കും നീണ്ടുനിൽക്കുക. ചാർജ് ചെയ്‌യാനെടുക്കുന്ന ദൈർഘ്യവും കൂടുതലാണ്. ഫിറ്റ് ബിറ്റിന്റെ നേത്യത്വത്തിലിറങ്ങുന്ന ഉത്‌പന്നങ്ങളെക്കാൾ വിലയേറിയതാകും ഗൂഗിളിന്റെ സ്മാർട്ട് വാച്ച്. നിലവിൽ ആഗോള സ്മാർട്ട് വാച്ച് വിപണിയുടെ ഏറിയ പങ്കും കൈയ്‌യാളുന്നത് ആപ്പിളാണ്. 2021 ലെ ഫലങ്ങൾ പ്രകാരമാണിത്. രണ്ടാം സ്ഥാനം സാംസങ്ങിനാണ്. അമേസ് ഫിറ്റ്, ഐമ്യൂ, ഹ്യുവായ് തുടങ്ങിയ കമ്പനികളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്.
Content Highlights: google to launch its smartwatch next year generates threat to apple watch