ഹാക്കർമാരിൽനിന്നും മറ്റും ഭീഷണി നേരിടുന്ന അക്കൗണ്ടുകൾക്ക് അധിക സുരക്ഷ നൽകുന്ന ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം ഇന്ത്യ ഉൾപ്പടെ കൂടുതൽ രാജ്യങ്ങളിലേക്ക് അവതരിപ്പിക്കുന്നു. 2018-ൽ അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2020-ലെ തിരഞ്ഞെടുപ്പുകളിൽ ഇതിന് കൂടുതൽ പ്രചാരം നൽകി. ഈ വർഷം അവസാനത്തോടെ 50 രാജ്യങ്ങളിലേക്ക് കൂടി എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.
എന്താണ് ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് ?
ഹാക്കർമാരിൽനിന്നും ശത്രുക്കളിൽനിന്നും ഭീഷണി നേരിടുന്നവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് അധിക സുരക്ഷ നൽകുന്നതിനായാണ് ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ ഉൾപ്പടെ പൊതു സംവാദങ്ങളുടെ കേന്ദ്രമായ വ്യക്തിത്വങ്ങളുടെയെല്ലാം അക്കൗണ്ടുകൾക്ക് ഇതുവഴി അധിക സുരക്ഷ ലഭിക്കും.
ഈ കൂട്ടത്തിൽ പെടുന്നവരുടെ അക്കൗണ്ടുകളിൽ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് ഓൺ ചെയ്‌യാനുള്ള സന്ദേശം കാണാൻ സാധിക്കും. ഇങ്ങനെ ചെയ്‌യുമ്പോൾ അക്കൗണ്ടുകളിൽ ടൂ ഫാക്‍ടർ ഒതന്റിക്കേഷൻ നിർബന്ധമാക്കും. അതായത് അക്കൗണ്ടിൽ ലോഗിൻ ചെയ്‌യാൻ എസ്എംഎസ് വഴി ലഭിക്കുന്ന ഓടിപി കൂടി നൽകേണ്ടിവരും. കൂടാതെ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റിന്റെ ഭാഗമായ അക്കൗണ്ടുകളുടെ സുരക്ഷ ഫെയ്സ്ബുക്ക് നിരന്തരം നിരീക്ഷിക്കുകയും ചെയ്‌യും. ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.
ഇതുവരെ 15 ലക്ഷത്തിലേറെ ഭീഷണിനേരിടുന്ന അക്കൗണ്ടുകളിൽ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഫെയ്സ്ബുക്കിന്റെ സുരക്ഷാ വിഭാഗം മേധാവി നതാനിയേൽ ഗ്ലെയ്ചർ പറയുന്നത്. ഇതിൽ 9.5 ലക്ഷം അക്കൗണ്ടുകൾ ടൂ ഫാക്‍ടർ ഒതന്റിക്കേഷൻ ആദ്യമായി ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്.
സാമ്പത്തിര നേട്ടത്തിനായി ശ്രമിക്കുന്ന സ്വതന്ത്ര ഹാക്കർമാരും സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വ്യക്തികളെ ഉന്നംവെക്കുന്ന ഹാക്കർമാരും സജീവമാണ്. പൊതുവിഷയങ്ങളിൽ ശബ്ദമുയർത്തുകയും പ്രതികരിക്കുകയും പോരാടുകയും ചെയ്‌യുന്ന മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ വാദികൾ, അഭിഭാഷകർ പോലെ നിരവധി വിഭാഗങ്ങളിൽ പെടുന്നവർ ഈ രീതിയിൽ ഉന്നം വെക്കപ്പെടുന്നുണ്ട്. ഇവർ തങ്ങളുടെ ശബ്ദമുയർത്തുന്നതിനായി മുഖ്യമായും ആശ്രയിക്കുന്നത് ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളെയാണ്. ഇത്തരക്കാർക്ക് വേണ്ടിയുള്ളതാണ് ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഉപഭോക്താക്കൾക്കെല്ലാം തന്നെ ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും.
ഇത് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഫെയ്സ്ബുക്കിന് പദ്ധതിയുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന മ്യാൻമർ എത്യോപിയ പോലുള്ള രാജ്യങ്ങളിലും ഈ സംവിധാനം അവതരിപ്പിക്കും.
Content Highlights: Facebook Protect expands to more countries, including India