ലോകത്തെ ആദ്യ ജീവനുള്ള റോബോട്ടിന് ഇപ്പോൾ പ്രത്യുൽപാദനവും നടത്താനാകുമെന്ന് ശാസ്ത്രജ്ഞർ. സെനോബോട്ടുകൾ എന്നാണ് ഇതിന് പേര്. മൃഗങ്ങളും സസ്യങ്ങളും പ്രത്യുൽപാദനം നടത്തുന്ന രീതിയിലല്ല സെനോബോട്ടുകളുടെ പ്രത്യുൽപാദന രീതി. സെനോപസ് ലേവിസ് എന്ന ആഫ്രിക്കൻ ക്ലോവ്ഡ് തവളകളുടെ വിത്ത് കോശങ്ങളിൽനിന്നാണ് സെനോബോട്ടുകളെ രൂപപ്പെടുത്തിയെടുത്തത്. തവളയുടെ പേരിൽനിന്ന് തന്നെയാണ് സെനോബോട്ടുകൾ എന്ന പേരും രൂപപ്പെട്ടത്.
ഒരു മില്ലിമീറ്ററിൽ താഴെയാണ് ഇതിന് വലിപ്പം. കൃത്യമായി പറഞ്ഞാൽ 0.04 ഇഞ്ച്. ഏറെ പരീക്ഷണങ്ങൾക്ക് ശേഷം ഇവയ്‍ക്ക് ചലിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും സ്വയം സുഖപ്പെടുത്താനും സാധിക്കുമെന്ന് കണ്ടെത്തിയതോടെ 2020 ലാണ് ഗവേഷകർ ഇവയെ ആദ്യമായി ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്.
വെർമണ്ട് സർവകലാശാല, റ്റഫ്റ്റ്സ് സർവകലാശാല, ഹാർവാർഡ് സർവകലാശാലയിലെ വൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കലി ഇംപയേർഡ് എൻജിനീയറിങ് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരാണ് സെനോബോട്ടുകളെ വികസിപ്പിച്ചെടുത്തത്.
ശാസ്ത്രത്തിന് ഇതുവരെ അറിവുള്ളതിൽ മൃഗങ്ങളും സസ്യങ്ങളും ജൈവിക പ്രത്യുൽപാനം നടത്തുന്ന രീതിയിൽനിന്നു പൂർണമായും വേറിട്ട പുതിയ രീതിയാ സെനോബോട്ടുകളുടേതെന്ന് ഗവേഷകർ പറയുന്നു.
ഭ്രൂണത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് കോശങ്ങളെ മോചിപ്പിക്കുകയും ഒരു പുതിയ പരിതസ്ഥിതിയിൽ എങ്ങനെ ആയിരിക്കണമെന്ന് കണ്ടുപിടിക്കാൻ നിങ്ങൾ അവയ്‍ക്ക് അവസരം നൽകുകയും ചെയ്‌യുമ്പോൾ, അവ അത് കണ്ടുപിടിക്കുക മാത്രമല്ല. ചലിക്കുന്നതിനും പുനരുൽപ്പാദനത്തിനുള്ള ഒരു പുതിയ മാർഗം അവർ കണ്ടെത്തുകയും ചെയ്‌യുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാളായ മൈക്കൽ ലെവിൻ പറഞ്ഞു.
സെനോബോട്ടുകളെ നിർമിച്ചത്
വ്യത്യസ്ത കോശങ്ങളായി വികസിക്കാൻ കഴിവുള്ള പ്രത്യേക കോശങ്ങളാണ് സ്റ്റെം സെല്ലുകൾ അഥവാ വിത്തുകോശങ്ങൾ. സെനോബോട്ടുകൾ നിർമ്മിക്കുന്നതിന്, ഗവേഷകർ തവളയുടെ ഭ്രൂണങ്ങളിൽ നിന്ന് ജീവനുള്ള മൂലകോശങ്ങൾ എടുക്കുകയും അവയെ അടയിരിക്കാൻ (ഇൻകുബേറ്റ്) വിടുകയും ചെയ്തു. അവയിൽ ജനിതക മാറ്റമൊന്നും വരുത്തിയിട്ടില്ല.
ആളുകൾ കരുതുന്നത് റോബോട്ടുകളെന്നാൽ ലോഹങ്ങളും സെറാമിക്സും കൊണ്ട് നിർമിച്ചതാണെന്നാണ്. ഒരു റോബോട്ട് എന്തുകൊണ്ട് നിർമിച്ചതാണ് എന്നതല്ല അത് എന്ത് ചെയ്‌യുന്നു എന്നതിലാണ് കാര്യം. ഇത് ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്‌യുക, കമ്പ്യൂട്ടർ സയൻസ് പ്രൊഫസറും വെർമോണ്ട് സർവകലാശാലയിലെ റോബോട്ടിക്സ് വിദഗ്ദനും ഗവേഷണ പഠനത്തിന്റെ പ്രധാന രചയിതാവുമായ ജോഷ് ബോംഗാർഡ് പറഞ്ഞു.
ആ രീതിയിൽ നോക്കുമ്പോൾ ഇതൊരു റോബോട്ട് ആണ്. പക്ഷേ തീർച്ചയായും തവളയുടെ ഇത് ജനിതകമാറ്റം വരുത്താത്ത കോശത്തിൽ നിന്ന് നിർമ്മിച്ച ഒരു ജീവിയാണ്. ബോംഗാർഡ് പറഞ്ഞു
തുടക്കത്തിൽ 3000 കോശങ്ങൾക്കൊണ്ട് നിർമിതമായ സെനോ ബോട്ടുകൾക്ക് വൃത്താകൃതിയായിരുന്നു. ഇവയ്‍ക്ക് തങ്ങളുടെ പകർപ്പുകൾ ഉണ്ടാക്കാൻ സാധിക്കുന്നുവെന്ന് കണ്ടെത്തിയതായി ബോംഗാർഡ് പറഞ്ഞു. എന്നാൽ ഇത് അപൂർവമായാണ് സംഭവിക്കുക. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം. കൈനറ്റിക് റെപ്ലിക്കേഷൻ എന്ന പ്രക്രിയയാണ് ഇതിനായി സെനോബോട്ടുകൾ ഉപയോഗിച്ചത്. സാധാരണ തന്മാത്രാ തലത്തിൽ മാത്രം നടക്കുന്ന പ്രക്രിയയാണിത്.
ഈ പ്രക്രിയ കൂടുതൽ ഫലപ്രദമാവാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ കോടിക്കണക്കിന് ശരീര ആകൃതികൾ സെനോബോട്ടുകൾക്കായി ഗവേഷകർ പരീക്ഷിച്ചിരുന്നു. ഒടുവിൽ C ആകൃതിയിലെത്തി. ചെറിയ വിത്തുകോശങ്ങളെ വായ്‍ക്കകത്ത് ശേഖരിക്കാൻ അതിന് കഴിയുമെന്ന് അവർ കണ്ടെത്തി, കുറച്ച് ദിവസങ്ങൾക്ക് ശേഷം കോശങ്ങളുടെ ഒരു കൂട്ടം പുതിയ സെനോബോട്ടുകളായിമാറി.
വളരെ പ്രാരംഭഘട്ടത്തിലുള്ള ഒരു സാങ്കേതിക വിദ്യയാണ് നിലവിൽ സെനോബോട്ടുകൾ. നിലവിൽ ഇത് ഒന്നിനും ഉപയോഗപ്രദമല്ല. എന്നാൽ മോളിക്യുലാർ ബയോളിജിയുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ഈ സംയോജനം ശരീരത്തിലും പരിസ്ഥിതിയിലും പലവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ സാധിച്ചേക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
Content Highlights: worlds first living robots can now reproduce