മനാമ > ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സര വേദിയായ അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയവും റാസ് അബൂഅബൗദിലെ സ്റ്റേഡിയം 974 ഉം രാജ്യത്തിന് സമര്‍പ്പിച്ചു. അറബ് രാഷ്ട്ര നേതാക്കളുടെയും ഫിഫ പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ തിങ്ങി നിറഞ്ഞ 60,000 കാണികളെ സാക്ഷി നിര്‍ത്തി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് അല്‍ ബെയ്ത് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചത്. ഖത്തറിന്റെ സംസ്കാരവും പൈതൃകവും ഉള്‍ക്കൊള്ളിച്ച ദൃശ്യവിസ്മയവും കരിമരുന്ന് പ്രയോഗവും ഉദ്ഘാടന ചടങ്ങിനെ ആഘോഷമാക്കി മാറ്റി.
പരമ്പരാഗത അറബ് നാടോടി ഗോത്ര വിഭാഗങ്ങളുടെ കൂടാരമായ ബെയ്ത് അല്‍ഷാറിന്റെ മാതൃകയില്‍ നിര്‍മിച്ച അല്‍ ബെയ്ത് സ്റ്റേഡിയം ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്താണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ബഹ്റൈനെ ഒരു ഗോളിന് പരാജയപ്പെടുത്തി.
തലസ്ഥാനമായ ദോഹയില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെയാണിത്. 14 ലക്ഷം ചതുരശ്രമീറ്ററില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സ്റ്റേഡിയത്തിന് 60,000 പേരെ ഉള്‍ക്കൊള്ളാനാകും. സ്റ്റേഡിയത്തിന് പുറത്ത് വിശാലമായ അല്‍ ബെയ്ത് പാര്‍ക്കില്‍ കാണികള്‍ക്ക് വിനോദത്തിനും വിശ്രമത്തിനും സൗകര്യങ്ങളുണ്ട്.
16 ടീമുകള്‍ മാറ്റുരക്കുന്ന അറബ് കപ്പില്‍, ഡിസംബര്‍ 18 ലെ ഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങള്‍ക്കും അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ നവംബര്‍ 21 ന് നടക്കുന്ന ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ഒമ്പത് മത്സരങ്ങള്‍ക്കും അല്‍ ബെയ്ത് ആതിഥേയത്വം വഹിക്കും.
അല്‍ ബൈത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ റാസ് അബൂഅബൗദിലെ സ്റ്റേഡിയം 974 ഉം നാടിന് സമര്‍പ്പിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഈ സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് ഇരിപ്പിടം ഉണ്ട്. 974 ഷിപ്പിംഗ് കണ്ടെയ്നറുകളാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. കൂടാതെ ഖത്തറിന്റെ ഐഎസ്ഡി കോഡും 974 ആണ്. ഇതാണ് സ്റ്റേഡിയം 974 എന്ന പേരിനു കാരണം. ലോകത്തിന്റെ ആദ്യ അഴിച്ചുമാറ്റാന്‍ കഴിയുന്ന സ്റ്റേഡിയമാണിത്.
ഇവിടെ നടന്ന പ്രഥമ മത്സരത്തില്‍ സിറിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് യുഎഇ പരാജയപ്പെടുത്തി. അറബ് കപ്പില്‍ ആറ് മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം വേദിയാകും.