തിരുവനന്തപുരം
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി മുൻ ചെയർമാൻ ടി ദാമു (77)അന്തരിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര ‘ശ്രീപാദ’ത്തിൽ ബുധൻ രാവിലെ 7.30ന് ആയിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനായിരുന്നു.
1965ൽ മുംബൈ ടാറ്റാ സർവീസ് ലിമിറ്റഡിൽ ജോലിയിൽ പ്രവേശിച്ചു. 1980 മുതൽ 1985 വരെ കെൽട്രോണിലും തുടർന്ന് ടാറ്റാ ടി ലിമിറ്റഡിലും ചേർന്നു. വിരമിക്കുമ്പോൾ ടാറ്റ ടീ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (കോർപറേറ്റ് അഫയേഴ്സ്) ആയിരുന്നു. ശേഷം ഹോട്ടൽസ് കമ്പനിയുടെ വൈസ് പ്രസിഡന്റായി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ ടൂറിസം ഉപദേശക കൗൺസിൽ അംഗം, താജ് ഹോട്ടൽ ആൻഡ് റിസോർട്ട് ബോർഡ് അംഗം, സംസ്ഥാന വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം, ഹൈറേഞ്ച് വൈൽഡ് ലൈഫ് ആൻഡ് എൻവയർമെന്റ് പ്രിസർവേഷൻ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തലശ്ശേരി വടക്കുമ്പാട് പരേതരായ പി കുഞ്ഞിരാമന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ പരേതയായ ദേവിക റാണി. മക്കൾ: ദിവ്യ ദാമു, ആദർശ് ദാമു. മരുമകൻ: കിരൺ ചന്ദ്.
എഴുത്തിനെ സ്നേഹിച്ച്…
മാധ്യമപ്രവർത്തകനായി ഔദ്യോഗികജീവിതം ആരംഭിച്ച് മൂന്നാറിലെ ടാറ്റാ തേയിലത്തോട്ടങ്ങളുടെയും ഹോട്ടൽ ശൃംഖലയുടെയും പ്രധാന ചുമതലക്കാരനായി മാറിയ കഥയാണ് ടി ദാമുവിന്റേത്. അവസാന നാളുവരെയും എഴുത്തിനെ ഹൃദയത്തിൽ സൂക്ഷിച്ചാണ് അദ്ദേഹം മടങ്ങിയത്.
ഈ നാട് ഉൾപ്പെടെയുള്ള പത്രത്തിൽ ലേഖകനായിട്ടായിരുന്നു തുടക്കം. ദേശാഭിമാനിയിലും എഴുതിയിരുന്നു. മുംബൈയിൽ ഇംഗ്ലീഷ് പത്രത്തിലും ജോലി ചെയ്തു. ടി ഡി വടക്കുമ്പാട് എന്ന തൂലികാനാമത്തിൽ നോവലും കഥയും എഴുതി. ലങ്കാപർവം, മരുഭൂമിയും മരുപ്പച്ചയും, സ്വപ്നകാമിനി, കാൾ മാർക്സ്: സത്യവും മിഥ്യയും, ദ സ്റ്റോറി ഓഫ് ടീ, മൂന്നാർ രേഖകൾ എന്നിവയാണ് പ്രധാന കൃതികൾ. യാത്രാവിവരണത്തിന് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുരസ്കാരം നേടി. 1980 മുതൽ 85 വരെ കെ പി പി നമ്പ്യാർക്കൊപ്പം കെൽട്രോൺ ഉൽപ്പന്നങ്ങൾ ആഗോളമായി ബ്രാൻഡ് ചെയ്യുന്നതിൽ നിർണായകമായ പങ്ക് വഹിച്ചു. കേരളത്തിൽ താജ് ഹോട്ടൽ ആരംഭിക്കുന്നതിനുള്ള ചർച്ചകളിലും പങ്കാളിയായി.