തിരുവനന്തപുരം
കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികൾക്കും ആശയം പങ്കുവയ്ക്കാം. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള 30,000 ആശയമെങ്കിലും സമാഹരിക്കാനാണ് കെ–- ഡിസ്ക് ലക്ഷ്യമിടുന്നത്. ഇതിന് സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നുവർഷ (2021 –-24) പരിപാടിയാണിത്. സ്കൂൾ, കോളേജ്, ഗവേഷണതലത്തിൽ 13നും 35നുമിടക്ക് പ്രായക്കാർക്കാണ് അവസരം. ഐസിഎആർ ഗവേഷണ വിദ്യാർഥികൾക്ക് രണ്ടുവർഷംകൂടി ഇളവുണ്ട്.
സാങ്കേതികവിദ്യയിൽ പുതിയ ദിശാസൃഷ്ടി, ഉൽപ്പന്നങ്ങളുടെയും പ്രക്രിയകളുടെയും നവീകരണം, സാങ്കേതികവിദ്യ സാമൂഹ്യ രൂപീകരണത്തിന്, ആശയങ്ങളെ ഉൽപ്പന്നങ്ങളും പ്രക്രിയകളും സംരംഭങ്ങളുമാക്കാൻ അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലൂന്നിയ ആശയരൂപീകരണത്തിനാണ് മുൻഗണന. നവീകരണത്തിന് പുത്തൻ ആശയക്കൂട്ടായ്മ, ഡിജിറ്റൽ ആൻഡ് ക്രിയേറ്റീവ് ആർട്ട് രൂപങ്ങൾ, ബയോടെക്നോളജിയും ജനറ്റിക്സും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ തുടങ്ങി 20 മേഖലകൾ കെ–- ഡിസ്ക് മുന്നോട്ടുവയ്ക്കുന്നു..
സമ്മാനവും
ആശയങ്ങൾ പങ്കുവെയ്ക്കാൻ രണ്ടുമുതൽ അഞ്ചുവരെ അംഗ വിദ്യാർഥി സംഘങ്ങൾക്ക് രജിസ്റ്റർചെയ്യാം. ടീമുകൾക്ക് മൂന്നുവർഷംവരെ കെ–- -ഡിസ്ക് സഹായമുണ്ടാകും. ജില്ലാതലത്തിൽ മുന്നിലെത്തുന്നവർക്ക് 25,000, സംസ്ഥാനതലത്തിൽ 50,000 രൂപയും സമ്മാനം. വിദ്യാർഥി പങ്കാളിത്തത്തിന് സ്കൂൾ, കോളേജുകൾക്കും സമ്മാനങ്ങളുണ്ട്. നാലാം പതിപ്പിൽ 30,000 ടീമിലായി ഒരുലക്ഷം വിദ്യാർഥികളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നതായി കെ–- ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ആശയം മെച്ചപ്പെടുത്തുന്നവർക്ക് പ്രഗത്ഭരുടെ സഹായം, വിപണി വികസന പദ്ധതിക്കായി മാർഗദർശനം, പുത്തൻ സാങ്കേതിക വിദ്യാ സഹായം, ബൗദ്ധിക സ്വത്തവകാശ സഹായം, പ്രോട്ടോടൈപ്പ് മാതൃക വികസന സഹായം എന്നിവ ഉറപ്പാക്കും.
വിജയികൾക്ക് ആക്സിലറേറ്റഡ് ഇന്നോവേഷൻ ട്രാക്ക് (എഐടി), നോർമൽ ഇന്നോവേഷൻ ട്രാക്ക് (എൻഐടി) എന്നീ മത്സരങ്ങളിലൂടെ പ്രശ്നപരിഹാര ഗ്രാന്റ് നൽകും. റാപിഡ് ഇന്നോവേഷൻ ട്രാക്കും (ആർഐടി) ഉണ്ടാകും.