പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങൾ വി (വോഡഫോൺ ഐഡിയ) കുറച്ചു. 359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്. ഇതോടെ ഈ പ്ലാനുകളിൽ ദിവസേന രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. ഈ പ്ലാനുകൾ ഉൾപ്പടെയുള്ള പ്രീപെയ്‌ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം.
ഉപഭോക്താക്കളിൽനിന്നുള്ള ശരാശരി വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് വി പ്രീപെയ്‌ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. ടെലികോം സെക്‍ടറിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് ഈ തീരുമാനമെടുത്തത്. വിയ്‍ക്ക് മുമ്പ് എയർടെലും ഇതേ കാരണങ്ങൾ ഉയർത്തി പ്രീപെയ്‌ഡ് നിരക്ക് വർധിപ്പിച്ചിരുന്നു.
നേരത്തെ 299 രൂപയ്‍ക്ക് ലഭിച്ചിരുന്ന പ്ലാൻ ആണ് 359 രൂപയായി മാറിയത്. 449 രൂപയുടെ പ്ലാൻ 539 രൂപയായും, 699 രൂപയുടെ പ്ലാൻ 839 രൂപയായും വർധിച്ചു. ഡബിൾ ഡാറ്റാ ഓഫറിന്റെ ഭാഗമായി ഈ പ്ലാനുകളിൽ നാല് ജിബി ഡാറ്റ ലഭിച്ചിരുന്നു. ഈ ഡബിൾ ഡാറ്റ ഓഫർ പിൻവലിച്ചതോടെയാണ് ഡാറ്റ രണ്ട് ജിബി ആയി കുറഞ്ഞത്.
പുതിയ മാറ്റങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള സേവനങ്ങളിൽ നിന്ന് റീച്ചാർജ് ചെയ്‌യുമ്പോഴും പുതുക്കിയ ആനുകൂല്യങ്ങളാണ് ലഭിക്കുക.
അതേസമയം, നേരത്തെ 269 രൂപയുണ്ടയിരുന്ന പ്ലാൻ 329 രൂപയായി വർധിപ്പിച്ചിരുന്നു. ഈ പ്ലാനിൽ പക്ഷെ നാല് ജിബി ഡാറ്റ ആനുകൂല്യം മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇതിനൊപ്പം പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 500 രൂപ വരെ വർധനവാണ് വിയുടെ പ്രീപെയ്‌ഡ് റീച്ചാർജുകൾക്കുണ്ടായിരിക്കുന്നത്.
Content Highlights: Vodafone Idea, Vi Recharge plan, Data Benefits, New offers