ഭൂമിയ്ക്ക് പുറത്ത് ബഹിരാകാശ ശൂന്യതയിൽ പലവഴിക്കായി നീങ്ങിക്കൊണ്ടിരിക്കുന്ന ഭീമൻ ശിലകൾ. ഛിന്നഗ്രഹമെന്നും ഉൽക്കയെന്നുമെല്ലാം അവയെ നമ്മൾ വിളിക്കുന്നു. ഭൂമിയിലേക്ക് ഉൽക്ക പതിക്കുന്നതിനെ കുറിച്ച് പലപ്പോഴായി നമ്മൾ കേട്ടിട്ടുണ്ട്. ഭൂമിയ്ക്ക് അപകടകരമായ വിധത്തിൽ ഒരു വലിയ ഉൽക്കാ ശില ഭൂമിയിലേക്ക് കുതിച്ചുവരുന്നതിനെ കുറിച്ചും അതിനെ ബഹിരാകാശത്ത് നിന്ന് തന്നെ തകർക്കുന്നതിനെ കുറിച്ചും എടുത്ത ഒരു ഹോളിവുഡ് സിനിമയുണ്ട് ആർമഗെഡൻ (Armageddon). യഥാർത്ഥത്തിൽ മൈക്കൽ ബേ സംവിധാനം ചെയ്ത ഈ ഹൈപ്പർ റിയലിസ്റ്റിക് സിനിമയെ മാതൃകയാക്കിയാണ് നാസ ഡാർട്ട് (DART) പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഭീമൻ ഛിന്നഗ്രഹത്തിലേക്ക് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ഓയിൽ ഡ്രില്ലർമാർക്ക് പരിശീലനം നൽകി അയക്കുകയും അവിടെ ചെന്ന് ശിലയിൽ തുളയുണ്ടാക്കി അതിനുള്ളിൽ ആണുബോംബ് സ്ഫോടനം നടത്തി ഛിന്നഗ്രഹത്തെ തകർക്കുന്നതുമാണ് ആർമഗെഡൻ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്.
സിനിമയെ അപ്പാടെ പകർത്തിയില്ലെങ്കിലും ഭൂമിയിക്ക് അപകടം സൃഷ്ടിക്കാനിടയുള്ള ഛിന്നഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് തന്നെ ഗതിമാറ്റുന്നതിനുള്ള സാധ്യതയാണ് ഡബിൾ ആസ്ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്) പദ്ധതിയിലൂടെ നാസ പരിശോധിക്കുന്നത്. ഇതിനായി മനുഷ്യനെ അയക്കുകയോ അണുബോംബ് സ്ഫോടനം നടത്തുകയോ നാസ ചെയ്യുന്നില്ല. പകരം ഡാർട്ട് പേടകം അതിവേഗത്തിൽ ഇടിച്ചിറക്കി ഛിന്നഗ്രഹത്തിന്റെ സ്ഥാനം മാറ്റാനാകുമോ എന്നാണ് നോക്കുന്നത്.
ഡാർട്ട് പദ്ധതി
ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡൈമോർഫസിലാണ് പേടകം ഇടിച്ചിറക്കുക. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഒരു തരത്തിലും ഭീഷണി സൃഷ്ടിക്കുന്നവയല്ല.
ചെറിയ ഛിന്നഗ്രഹങ്ങൾ ഇടക്കിടെ ഭൂമിയിലേക്ക് വരാറുണ്ട്. അതിൽ ഭൂരിഭാഗവും ഭൗമോപരിതലത്തിൽ എത്തുന്നതിന് അന്തരീക്ഷത്തിൽ വെച്ച് തന്നെ കത്തിത്തീരുകയാണ് പതിവ്. എന്ന് കരുതി എല്ലാ ചിന്നഗ്രഹങ്ങളും അന്തരീക്ഷത്തിൽ കത്തിത്തീരുമെന്ന് കരുതി പേടിക്കാനൊന്നുമില്ല എന്ന് കരുതരുത്. ഛിന്നഗ്രഹങ്ങളെ എല്ലായിപ്പോളും പേടിക്കേണ്ടത് തന്നെയാണ്.
ദിനോസറുകളും അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന ജീവജാലങ്ങളും ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത് 6.6 കോടി വർഷങ്ങൾക്ക് മുമ്പ് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതിനെ തുടർന്നാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഒരു നഗരത്തോളം വലിപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് പുറത്ത് സൗരയൂഥത്തിലുണ്ട്. 100 മീറ്റർ മുതൽ 900 കിലോമീറ്റർ വരെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളുണ്ട്. ആർമഗഡൻ സിനിമയിൽ 1000 കിലോമീറ്റർ വീതിയുള്ള ഒരു ഛിന്നഗ്രഹത്തെയാണ് ചിത്രീകരിച്ചിട്ടുള്ളത്. അത് ടെക്സാസ് നഗരത്തിന് തുല്യമായ വലിപ്പമാണ്. ഡാർട്ട് പേടകം ചെന്നിടിക്കാൻ പോവുന്ന ഡൈമോർഫസ് ഛിന്നഗ്രഹത്തിന് 160 മീറ്റർ ആണ് വീതിയുള്ളത്.
അടുത്ത നൂറ് വർഷക്കാലത്തേക്ക് ഭൂമിയെ ലക്ഷ്യമിട്ട് ഏതെങ്കിലും ഛിന്നഗ്രങ്ങൾ വരുന്നുണ്ടോ എന്ന് നാസയ്ക്ക് അറിയില്ലെങ്കിലും ക്രമേണ ഭൂമിയെ ലക്ഷ്യമിട്ട് ബഹിരാകാശ ശിലകൾ എത്തിയേക്കാം എന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.
കൈനറ്റിക് ഇംപാക്ടർ
ബഹിരാകാശത്തിലെ ഛിന്നഗ്രഹത്തിന്റെ ചലനം മാറ്റുന്നതിനായി ഒരു ബഹിരാകാശ പേടകം ബോധപൂർവം ഒരു ഛിന്നഗ്രഹവുമായി ഉയർന്ന വേഗതയിൽ കൂട്ടിയിടിക്കുന്ന കൈനറ്റിക് ഇംപാക്റ്റർ സാങ്കേതികതയുടെ ആദ്യ പരീക്ഷണമായിരിക്കും ഡാർട്ട്. എന്ന് നാസ പ്ലാനറ്ററി ഡിഫൻസ് ഓഫീസർ ലിന്റ്ലി ജോൺസൺ പറഞ്ഞു.
കാലിഫോർണിയയിലെ വാൻഡെൻബെർഗ് സ്പേസ് ഫോഴ്സ് ആസ്ഥാനത്ത് നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡാർട്ട് വിക്ഷേപിച്ചത്. നവംബർ 26 നാണ് ഇത് ഡൈമോർഫസിൽ കൂട്ടിയിടിക്കുക. ഡൈമോർഫസിന്റെ കേന്ദ്രഭാഗത്താണ് സ്ഫോടനം നടക്കുക. 24140 കിമീ വേഗത്തിലാണ് പേടകം ഇടിച്ചിറങ്ങുക. ഇടിയുടെ ആഘാതത്തിൽ ഛിന്നഗ്രഹത്തിന് സ്ഥാനചലനം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.
കൂട്ടിയിടിക്ക് പത്ത് ദിവസം മുമ്പ് ലിസിയ ക്യൂബ് (LICIACube) എന്നൊരു ഒരു കുഞ്ഞൻ ഇറ്റാലിയൻ ബഹിരാകാശ പേടകം കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കും.
ആർമഗെഡനെ പോലെ അണുബോംബ് ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ട്?
അതേസമയം ആർമഗെഡൻ സിനിമിയിലേത് പോലെ ഹൈഡ്രജൻ ബോംബ് സ്ഫോടനം നടത്തുന്ന രീതി പരീക്ഷിക്കുന്നതിന് പകരം കൈനറ്റിക് ഇംപാക്ട് സാങ്കേതിക വിദ്യ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് എന്ന് നാസ വ്യക്തമാക്കിയിട്ടില്ല.
അതിനുള്ള പ്രധാന കാരണം 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വസ്തുതാപരമായി തെറ്റും യുക്തിക്ക് നിരക്കാത്തതുമായ നിരവധി ഘടകങ്ങളുണ്ടായിരുന്നുവെന്നതാണ്. തീർത്തും അസംഭവ്യം എന്ന രീതിയിലാണ് ആളുകൾ ചിത്രത്തിലെ പല രംഗങ്ങളെയും വിലയിരുത്തിയത്. ഇക്കാരണം കൊണ്ടുതന്നെ ചിത്രത്തിന് വലിയ സ്വീകാര്യത നേടാനും സാധിച്ചില്ല.
മാത്രവുമല്ല ഛിന്നഗ്രഹത്തെ തകർക്കാൻ ഹൈഡ്രജൻ ബോംബ് ഉപയോഗിക്കുന്നത് അസാധ്യമാണെന്ന് 2011 ൽ നാല് ഭൗതികശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച . സിനിമയിൽ കാണിച്ചത് പോലുള്ള ഒരു ഛിന്നഗ്രഹത്തെ തകർക്കാൻ ഇന്ന് ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും ശക്തിയേറിയ ആണവായുധമായ സാർ ബോംബ എന്ന സോവിയറ്റ് ആർഡിഎസ്-220 എന്ന ഹൈഡ്രജൻ ബോംബിനേക്കാൾ ശക്തിയേറിയ ബോംബ് കന്നെ വേണ്ടിവരുമെന്ന് പഠനത്തിൽ പറയുന്നു. ഒരു ഛിന്നഗ്രത്തെ തകർത്ത് രണ്ട് കഷ്ണങ്ങളാക്കി മാറ്റുന്നതിന് 80 ലക്ഷം ടെറാ ജൂൾസ് ഊർജം വേണ്ടിവരും. സോവിയറ്റ് ആർഡിഎസ്-220 ബോംബ് പരീക്ഷണത്തിൽ 417,000 ടെറാജ്യൂൾ ഊർജം മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
എണ്ണകുഴിച്ചെടുക്കുന്ന ഓയിൽ ഡ്രില്ലർമാരെ ബഹിരാകാശ സഞ്ചാരത്തിനുള്ള പരിശീലനം നൽകുന്നത് എളുപ്പമുള്ള കാര്യമാണോ എന്നും ആളുകൾ അന്ന് ചോദിച്ചു.
Sources
- https://en.wikipedia.org/wiki/Armageddon_(1998_film)#cite_note-25
- https://en.wikipedia.org/wiki/Tsar_Bomba
- https://thenextweb.com/news/why-is-nasa-slamming-dart-spacecraft-into-asteroid
Content Highlights: Space, NASA attacking Asteroid, Dart Spacecraft, Armageddon 1998 film, Michael Bay, Tsar Bomba, hydrogen bomb