മനാമ > കുവൈറ്റില്‍ വാണിജ്യ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് മാനവശേഷി വിഭാഗം നിര്‍ത്തിവെച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ കോവിഡ് തരംഗം റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് നടപടി.
കുവൈറ്റിലേക്കുള്ള എല്ലാ തരത്തിലുള്ള വിസകളും പുനരാരംഭിക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. കൂടാതെ, വാണിജ്യ സന്ദര്‍ശക വിസകള്‍ തൊഴില്‍ വിസയിലേക്ക് മാറ്റാനും മാൻപവര്‍ അതോറിറ്റി അനുവദിച്ചു. നവംബര്‍ ഏഴുമുതല്‍ തൊഴില്‍ വിസയും സന്ദര്‍ശക വിസയുമടക്കം എല്ലാതരം വിസകളും വീണ്ടും അനുവദിക്കാന്‍ തുടങ്ങി. 53 രാജ്യക്കാര്‍ക്ക് ഇ‐വിസയും അനുവദിക്കാന്‍ തുടങ്ങിയിരുന്നു.
വാണിജ്യ സന്ദര്‍ശക വിസ വാണിജ്യ പ്രവര്‍ത്തനത്തിന് മാത്രമായാണ് അനുവദിക്കാറ്. എന്നാല്‍, ഇത് തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നു. ഇതാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കൊറോണ വൈറസ് മഹാമാരി കാരണം ഒന്നര വര്‍ഷത്തോളമായി വിസ അനുവദിച്ചിരുന്നില്ല.