കൊച്ചി > ശബരിമലയിൽ വാണിജ്യ സ്ഥാപനങ്ങളുടെ വാടകനിരക്ക് കുറയ്ക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. വാടക കുറയ്ക്കാൻ കരാറുകാർസംഘംചേർന്ന് നീക്കം നടത്തുന്നതായി സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വാണിജ്യസ്ഥാപനങ്ങൾ മുഴുവനായും ലേലത്തിൽ പോയിട്ടില്ല. ഹോട്ടലുകളും കടകളും വാണിജ്യസ്ഥാപനങ്ങളും ലേലത്തിൽ പോകാത്തത് തീർഥാടകർക്ക് അസൗകര്യവും ബോർഡിന് നഷ്ടവുമുണ്ടാക്കും. 216 കച്ചവടസ്ഥാപനങ്ങളിൽ 70 എണ്ണമാണ് ലേലത്തിൽ പോയത്. പമ്പയിലെ പൊതു ടോയ്ലറ്റുകൾ മുഴുവനായും ലേലത്തിൽ പോയിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോടും ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു. ഹർജി വ്യാഴാഴ്ച പരിഗണിക്കും.