ബ്രസ്സൽസ്
കോവിഡ് വ്യാപനം രൂക്ഷമാകുന്ന യൂറോപ്പിൽ നിയന്ത്രണങ്ങളും പ്രതിഷേധവും കനത്തു. വാക്സിൻ വിതരണം ആരംഭിച്ചശേഷം വീണ്ടും അടച്ചിടുന്ന ആദ്യ രാജ്യമായി ഓസ്ട്രിയ. ബാറുകളും കഫേകളും തുറക്കില്ല. അത്യാവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രംഅനുമതി. ഓസ്ട്രിയയിൽ ജനതയുടെ മൂന്നിലൊന്നും വാക്സിൻ എടുത്തിട്ടില്ല. യൂറോപ്പിലെതന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്ത് കഴിഞ്ഞയാഴ്ച വാക്സിൻ എടുക്കാത്തവർക്ക് അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു.ജർമനിയിൽ പ്രശ്നം കൂടുതൽ വഷളാവുകയാണെന്നും നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും ചാൻസലർ ആംഗല മെർക്കൽ വ്യക്തമാക്കി. ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ എന്നിവങ്ങളുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
ചെക്ക് റിപ്പബ്ലിക്കിൽ വാക്സിൻ എടുക്കാത്തവർക്ക് പബ്ബുകളിൽ പ്രവേശനമില്ല. ഫ്രാൻസിൽ സിനിമാ തിയറ്റര്‍ പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് വേണം. ബൾഗേറിയ, റൊമാനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞു.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് നെതർലാൻഡ്സിൽ പ്രതിഷേധം അക്രമാസക്തമായതോടെ 100 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ബ്രസ്സൽസിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഫ്രഞ്ച് കരീബിയൻ ദ്വീപ് ഗ്വാഡലൂപിലും വാക്സിൻ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി.