ഓസ്ട്രേലിയയിൽ അന്തർസംസ്ഥാന യാത്രയ്ക്ക് ആവശ്യമായ പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് സ്ഥിരീകരിച്ചു.
ക്വീൻസ്ലാന്റിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ പരിശോധനാ ചെലവ് ആര് വഹിക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയയിൽ പ്രാദേശിക യാത്രകൾക്ക് ആവശ്യമായ കൊവിഡ് പരിശോധനയുടെ ചെലവ് യാത്രക്കാർ വഹിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
ഒരാൾക്ക് 150 ഡോളർ വരെ ചെലവ് വരുന്ന പരിശോധനകളാണ് പലതും. ഇത് ഒട്ടേറെപ്പേർക്ക് തിരിച്ചടിയാകുമായിരുന്നു.
സർക്കാർ ക്ലിനിക്കുകളിലാണ് യാത്രക്കാരുടെ പരിശോധന സൗജന്യമാക്കുക.
അതെസമയം സ്വകാര്യ ക്ലിനിക്കുകളിൽ നടത്തുന്ന പരിശോധന മെഡികെയർ റിബേറ്റിൽ ഉൾപ്പെടുത്തണമെന്ന് ക്വീൻസ്ലാൻറ് പ്രീമിയർ അനസ്താഷ്യ പലാഷേ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ക്വീൻസ്ലാൻറ്, വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ എന്നിവടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറുകൾക്കകം പൂർത്തിയാക്കിയ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണ്.
PCR പരിശോധനകൾ സർക്കാർ ക്ലിനിക്കുകളിൽ നടത്തുകയാണെങ്കിൽ പണം ഈടാക്കില്ല എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ ക്വീൻസ്ലാൻറ് സർക്കാരുമായി ഒരാഴ്ചയോളം നീണ്ട തർക്കത്തിന് ശേഷമാണ് ആരോഗ്യമന്ത്രി തീരുമാനം അറിയിച്ചത്.
ഒരു ഔദ്യോഗിക സർട്ടിഫിക്കറ്റിന് പകരം നെഗറ്റിവ് പരിശോധനാ ഫലം സ്ഥിരീകരിക്കുന്ന ടെക്സ്റ്റ് സന്ദേശമായിരിക്കും ലഭ്യമാക്കുക എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇത് ഉപയോഗിച്ച് ക്വീൻസ്ലാന്റിൽ പ്രവേശിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ടെക്സ്റ്റ് മെസ്സേജുകൾ ക്വീൻസ്ലാൻറ് അംഗീകരിക്കുമോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ മാത്രമാണ് മെസ്സേജുകൾ അംഗീകരിക്കാൻ കഴിയുമെന്ന കാര്യം ക്വീൻസ്ലാൻറ് പ്രീമിയർ സമ്മതിച്ചത്.
അതുവരെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ആവശ്യമായി വരുമെന്ന നിലപാടിലായിരുന്നു പ്രീമിയർ.
ഇതിന് പിന്നാലെ ടെക്സ്റ്റ് സന്ദേശവും സംസ്ഥാനം അംഗീകരിക്കുമെന്നത് ക്വീൻസ്ലാൻറ് ടൂറിസം മന്ത്രി സ്റ്റെർലിംഗ് ഹിഞ്ച്ലിഫ് പ്രസ്ഥാനവനയിലൂടെ അറിയിച്ചു.
PCR പരിശോധനകളുടെ പകുതി ചെലവ് ഫെഡറൽ സർക്കാർ എല്ലാ സാഹചര്യങ്ങളിലും വഹിച്ചിരുന്നതായി ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
ക്വീൻസ്ലാൻറ് സർക്കാർ 18 മാസത്തോളം ടെക്സ്റ്റ് സന്ദേശം സ്വീകരിച്ച ശേഷം 24 മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കുകയും പിന്നീട് വീണ്ടും സ്വീകരിക്കുമെന്ന് അറിയിക്കുയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഔദ്യോഗിക സർട്ടിഫിക്കറ്റ് വേണ്ട സാഹചര്യത്തിൽ മാത്രമാണ് പാത്തോളജി പരിശോധനക്ക് പണം ഈടാക്കുന്നതെന്നും ടെക്സ്റ്റ് സന്ദേശത്തിന് ഇത് ബാധകമല്ല എന്നും ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
ഡിസംബർ 17 മുതൽ ഹോട്സ്പോട്ടുകളിൽ ഉള്ളവർക്ക് ക്വീൻസ്ലാന്റിലേക്ക് ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാം. ഈ തീയതിക്ക് മുൻപ് സംസ്ഥാനത്തെ 16 വയസിന് മേൽ പ്രായമുള്ളവരുടെ രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് 80 ശതമാനമായാൽ ഇത് നേരത്തെ നടപ്പിലാക്കാനാണ് പദ്ധതി.
കടപ്പാട്: SBS മലയാളം