ലോകത്തിലെ മുൻനിര സെമികണ്ടക്ടർ നിർമാതാക്കളാണ് ക്വാൽകോം. ക്വാൽകോം പുറത്തിറക്കുന്ന സ്നാപ്ഡ്രാഗൺ പ്രൊസസർ ചിപ്പുകളാണ് ഇന്ന് വിപണിയിലുള്ള മിക്ക സ്മാർട്ഫോണുകളിലുമുള്ളത്. 5ജി സാങ്കേതികവിദ്യയോടുകൂടിയ 8 സീരീസ് പ്രൊസസറുകളാണ് ഇതിൽ ഏറ്റവും പുതിയവ.
സ്നാപ്ഡ്രാഗൺ എന്ന് പേരിനൊപ്പം മൂന്നക്ക സംഖ്യകൾ ചേർത്താണ് ക്വാൽകോം സ്മാർട്ഫോണ് ചിപ്പുകൾക്ക് പേര് നൽകിയിരുന്നത്. സ്നാപ്ഡ്രാഗൺ 888 5ജി, സ്നാപ്ഡ്രാഗൺ 78ജി, സ്നാപ്ഡ്രാഗൺ 665 എന്നിങ്ങനെ. എന്നാൽ ഭാവിയിൽ പുറത്തിറക്കാൻ പോവുന്ന സ്മാർട്ഫോൺ പ്രൊസസർ ചിപ്പുകൾക്ക് പേരിടുന്ന രീതിയിലും അവയെ ഓരോന്നിനേയും വേർതിരിക്കുന്ന രീതിയിലും മാറ്റം വരുത്താൻ പോവുകയാണ് ക്വാൽകോം.
അതായത് ഇനി വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 898 പ്രൊസസർ ചിപ്പിന് മുൻഗാമികളുടെ പേരിന് സമാനമായ പേര് ആയിരിക്കില്ല. മാത്രവുമല്ല ഇനി പുറത്തിറക്കാനിരിക്കുന്ന എല്ലാ വിഭാഗത്തിൽ പെട്ട സ്മാർട്ഫോൺ ചിപ്പ് സെറ്റുകൾക്കും ക്വാൽകോം പുതിയ നാമകരണ രീതി തന്നെയായിരിക്കും അവലംബിക്കുക.
5G ഒഴിവാക്കും വ്യത്യസ്ത നിറങ്ങൾ നൽകും
വിവിധ വിഭാഗത്തിലുള്ള ചിപ്പുകളെ തിരിച്ചറിയാൻ അവ ഓരോന്നിനും വ്യത്യസ്ത നിറങ്ങൾ അവതരിപ്പിക്കാനും ക്വാൽകോം പദ്ധതിയിടുന്നു.
ഉദാഹരണത്തിന് പ്രീമിയം വിഭാഗത്തിൽ പെടുന്ന ചിപ്പുകൾക്ക് അതായത് സ്നാപ്ഡ്രാഗൺ 888 പ്ലസിന് പിൻഗാമിയായെത്തുന്ന ചിപ്പ് സെറ്റുകൾക്ക് സ്വർണ നിറം നൽകും. ഇതിന് താഴെ വരുന്ന വിഭാഗങ്ങൾക്ക് മിഡ്നൈറ്റ്, ഗൺമെറ്റൽ തുടങ്ങിയ നിറങ്ങളും നൽകും.
ഇത് കൂടാതെ ചിപ്പ് സെറ്റുകൾക്ക് മുകളിലുള്ള 5G ടാഗ് ഒഴിവാക്കും. ഭാവിയിൽ 5ജി ചിപ്പുകൾ സർവ്വസാധാരണമാകും എന്നതിനാലാണ് ഈ തീരുമാനമെന്ന് ക്വാൽകോം പറയുന്നു.
എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം?
ഒരു കാലത്ത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ചിപ്പ് സെറ്റുകളെ തിരിച്ചറിയുക എളുപ്പമുള്ള കാര്യമായിരുന്നു. മൂന്നക്ക സംഖ്യയാണ് ഇവയെ വേർതിരിക്കാനായി നൽകിയിരുന്നത്. ഇതിൽ ആദ്യത്തെ അക്കം ആ ചിപ്പ് ഏത് സീരീസിൽ വരുന്നതാണെന്ന് കാണിക്കുന്നതും. മറ്റ് രണ്ട് അക്കങ്ങൾ പഴയ പതിപ്പിൽ നിന്ന് അവയെ വേർതിരിക്കുന്നതുമാണ്.
ഈ നാമകരണ രീതിയാണ് ക്വാൽകോം ഇതുവരെ പിന്തുടർന്നിരുന്നത്. എന്നാൽ ഈ രീതിയിൽ നിരവധി പ്രൊസർ ചിപ്പുകൾ രംഗത്തിറങ്ങിയതോടെ ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാവാൻ തുടങ്ങി.
പേരിടൽ ഇനി എങ്ങനെ ?
വിവിധ തലമുറയിൽ പെട്ട പ്രൊസസർ ചിപ്പ് സെറ്റുകളെ എങ്ങനെയാണ് വേർതിരിക്കാൻ പോവുന്നത് എന്ന് വ്യക്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നേക്കും. നവംബർ 30 ന് നടക്കാനിരിക്കുന്ന ക്വാൽകോമിന്റെ ഒരു അവതരണ പരിപാടിയിൽ വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 898 പ്രൊസസറിന്റെ പേര് എങ്ങനെയാലവുമെന്ന് വ്യക്തമായറിയാനാവും.
Content Highlights: Qualcomm, Snapdragon 888, 5G processors, Smartphone processor