ലണ്ടൻ: ഇംഗ്ലണ്ടിൽ പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ ഇനി ഇലക്ട്രിക് വാഹന ചാർജറുകളും സ്ഥാപിക്കേണ്ടിവരും. ഇത് നിർബന്ധമാക്കുന്ന നിയമം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. അടുത്തവർഷം മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. ഇതുവഴി രാജ്യത്തുടനീളം 1,45,000 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കപ്പെടുമെന്ന് സർക്കാർ പറഞ്ഞു.
പുതിയതായി നിർമിക്കുന്ന സൂപ്പർമാർക്കറ്റുകൾ, ജോലിസ്ഥലങ്ങൾ, പുതുക്കിപ്പണിയുന്ന കെട്ടിടങ്ങൾ എന്നിവയ്ക്കെല്ലാം ഈ നിയമം ബാധകമാവും.
പൂർണമായും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഈ നീക്കം. 2030 മുതൽ പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനമേർപ്പെടുത്താനും രാജ്യം ലക്ഷ്യമിടുന്നു.
തിങ്കളാഴ്ച കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രീസ് കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പുതിയ നീക്കം സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെളിപ്പെടുത്തിയത്.
പെട്രോൾ, ഡീസൽ കാറുകളിൽ ഇന്ധനം നിറയ്ക്കാനാവുന്നത് പോലെ വൈദ്യുതി വാഹനങ്ങളിൽ റീച്ചാർജ് ചെയ്യുന്നത് പുതിയ നിയമത്തിലൂടെ എളുപ്പമാവുമെന്ന് സർക്കാർ അറിയിച്ചു. ലളിതമായ പണമിടപാട് സംവിധാനങ്ങളും ഇതിനായി ഏർപ്പെടുത്തും.
നിലവിൽ 25,000 ചാർജിങ് പോയിന്റുകളാണ് ബ്രിട്ടനിലുള്ളത്. 2030 ആവുമ്പോഴേക്കും ഇതിന്റെ പത്തിരട്ടി പോയിന്റുകൾ വേണമെന്നാണ് രാജ്യത്തെ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ്സ് അതോറിറ്റി പറയുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബ്രിട്ടൻ സമ്പൂർണമായും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുക എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്നത്. കാറുകളും, ടാക്സികളുമാണ് ബ്രിട്ടനിലെ കാർബൺ വാതകം പുറത്തുവിടുന്നതിൽ 16 ശതമാനവും.
സമ്പൂർണ വൈദ്യുതി വാഹനങ്ങൾക്കായി നിർമാണ കമ്പനികളും
മുൻനിര കാർ നിർമാതാക്കളായ ജഗ്വാർ, വോൾവോ തുടങ്ങിയവ 2025-30 ആവുമ്പോഴേക്കും സമ്പൂർണ വൈദ്യുത വാഹനങ്ങളിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്. ഫോർഡും ഇതേ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
എന്നാൽ 2035 ഓടെ സീറോ എമിഷൻ വാഹനങ്ങൾ മാത്രം വിൽക്കുമെന്ന യുഎൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിലെ പ്രതിജ്ഞയിൽ ലോകത്തിലെ വലിയ കാർനിർമാതാക്കളായ വോക്സ് വാഗൻ, ടോയോട്ട, റെനോ, നിസാൻ, ഹ്യൂണ്ടായ്-കിയ എന്നീ കമ്പനികൾ ഒപ്പിട്ടിട്ടില്ല.
അതേസമയം യുകെയിൽ വൈദ്യുതി കാറുകളുടെ വിൽപന വർധിക്കുകയാണ്. 2020 ൽ വിറ്റഴിഞ്ഞ കാറുകളിൽ 10 ശതമാനവും വൈദ്യുതി കാറുകളാണ്. 2018 ൽ 2.5 ശതമാനമായിരുന്നു ഇത്.
ആശങ്കകൾ
സമ്പൂർണ വൈദ്യുതി വാഹനം എന്ന ആശയം നടപ്പിലാക്കുന്നതിൽ പ്രധാന ആശങ്ക ചാർജിങ് പോയിന്റുകളുടെ അഭാവമാണ്. ചില മേഖലകൾ ചാർജിങ് പോയിന്റുകൾ ഇല്ലാത്ത ബ്ലാക്ക് സ്പോട്ടുകളായി മാറിയേക്കുമെന്ന് ചിലർ ആശങ്ക ഉയർത്തുന്നുണ്ട്.
വീടുകളിൽ ചാർജിങ് ചെലവ് കുറവാണെന്നിരിക്കെ, പൊതു ചാർജിങ് പോയിന്റുകളിൽ ഒപ്പം ഉയർന്ന നിരക്ക് ഈടാക്കുന്നതിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യവും ജനപ്രതിനിധികൾ ഉയർത്തുന്നുണ്ട്.
ചാർജിങ് പോയിന്റുകളുടെ പ്രഖ്യാപനത്തിനൊപ്പം ഗ്ലാസ്ഗോയിലെ ഏറ്റവും വലിയ കാറ്റാടിപാടത്ത് ഒരു പുതിയ ഹൈഡ്രജൻ സ്റ്റോറേജ് പ്രൊജക്ട് തുടങ്ങുമെന്നും ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: New homes in England to have electric car chargers by law